പഞ്ചായത്ത് പ്രസിഡന്റിനെ ഉൾപ്പെടെ തടഞ്ഞു
ശാസ്താംകോട്ട : ശാസ്താംകോട്ട പുന്നമൂട് വാർഡിൽ ചേലൂർ കായലിന്റെ തീരത്തെ മുനമ്പേൽകുന്നുകൾ ഇടിച്ചുനിരത്തുന്നതും നിർമാണപ്രവൃത്തികളും പഞ്ചായത്ത് ഇടപെട്ട് തടഞ്ഞു.
സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റിനെയും അംഗങ്ങളെയും തടഞ്ഞുവെച്ചു. മണിക്കൂറുകളോളം വാക്കേറ്റവും സംഘർഷാവസ്ഥയുമായിരുന്നു. പഞ്ചായത്ത് അധികൃതർ അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ഒടുവിൽ, അനുമതിയില്ലാതെയാണ് നിർമാണപ്രവൃത്തികൾ നടക്കുന്നതെന്നു കാണിച്ച പഞ്ചായത്ത് സെക്രട്ടറി നേരിട്ടെത്തി സ്റ്റോപ്പ് മെമ്മോ നൽകി.
ശാസ്താംകോട്ട പഞ്ചായത്തിന്റെയോ റവന്യൂ വിഭാഗത്തിന്റെയോ അനുമതിയില്ലാതെ രാഷ്ട്രീയപിൻബലത്തിലാണ്, പരിസ്ഥിതിക്ക് നാശംവരുത്തുന്ന കുന്നിടിച്ചുനിരത്തലും പ്രധാന ജലാശയമായ ചേലൂർ കായലിന്റെ ഒരുഭാഗം നികത്തുന്നതും.
ശാസ്താംകോട്ട തടാകത്തിന്റെ വൃഷ്ടിപ്രദേശത്തിന്റെ പരിധിയിലുള്ള ഇവിടം അതീവ പരിസ്ഥിതിലോല മേഖലയാണ്. അതിനാൽ കുന്നിടിക്കുന്നതും മണ്ണുഖനനവും നിരോധിച്ചിരിക്കുകയാണ്. തട്ടുകളായുള്ള സ്ഥലം കെട്ടിടനിർമാണത്തിന്റെ മറവിലാണ് ഇടിച്ചുനിരത്തുന്നത്. പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നാണ് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത്. ദിവസങ്ങളായി മണ്ണുമാന്തി ഉപയോഗിച്ച് ഇടിച്ചുനിരത്തിയ മണ്ണ് ചേലൂർ കായലിൽ തള്ളി നികത്തി. ഒപ്പം ലോഡുകണക്കിന് പാറയും കായലിൽ നിക്ഷേപിച്ചിരിക്കുകയാണ്.
ശാസ്താംകോട്ട പഞ്ചായത്തിന്റെ ചേലൂർ ടൂറിസം പദ്ധതിക്കും നിർദിഷ്ട ചേലൂർ കുടിവെള്ളപദ്ധതിക്കുംവേണ്ടി കണ്ടെത്തിയ സ്ഥലമാണിത്. മറുകരയിലാണ് കുന്നത്തൂർ പഞ്ചായത്തിന്റെ ചേലൂർ കുടിവെള്ളപദ്ധതിയും. മുനമ്പേൽകുന്ന് ഭാഗത്ത് ഒരുതരത്തിലുള്ള നിർമാണപ്രവൃത്തികൾക്കും ശാസ്താംകോട്ട പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്ന് സെക്രട്ടറി കഴിഞ്ഞദിവസം അറിയിക്കുകയും ചെയ്തു. എന്നിട്ടും ഭരണകക്ഷിയിലെ ചിലരുടെ സഹായത്താൽ പണികൾ തുടരുകയായിരുന്നു. അതോടെ പ്രശ്നത്തിൽ പഞ്ചായത്ത് ഭരണസമിതി ഇടപെട്ടു.
പ്രസിഡന്റ് ഇസഡ്. ആന്റണി, അംഗങ്ങളായ ഭാർഗവൻപിള്ള, എസ്. ദിലീപ്കുമാർ എന്നിവർ ബുധനാഴ്ച സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. അതിനിടയിലാണ് തടയലും വാക്കേറ്റവും, പണി നടത്തുമെന്ന വെല്ലുവിളിയുണ്ടാകുന്നതും. വൈകീട്ടോടെ സെക്രട്ടറി കെ. സീമ സ്ഥലത്ത് നേരിട്ടെത്തി ഉടമകൾക്ക് േസ്റ്റാപ്പ് മെമ്മോ നൽകി. കൂടാതെ വിഷയം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. കോടതിയെ സമീപിക്കാനും പഞ്ചായത്ത് ശ്രമം തുടങ്ങി.
Published: 23 Oct 2026, 02:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented