ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴുമാസം
ചാവക്കാട് : ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസമായിട്ടും ചേറ്റുവപ്പാടം സുബ്രഹ്മണ്യൻ കടവ് സ്ലൂയിസിന് ഷട്ടറുകൾ സ്ഥാപിച്ചില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷട്ടറുകൾ സ്ഥാപിക്കാതെ സുബ്രഹ്മണ്യൻ കടവ് സ്ലൂയിസിന്റെ ഉദ്ഘാടനം നടത്തിയത്. 45 ലക്ഷം രൂപയാണ് സ്ലൂയിസിന്റെ നിർമാണച്ചെലവ്.
ചേറ്റുവപ്പുഴയിൽനിന്ന് വട്ടേക്കാട് തെക്കുവശം, ഖബർസ്ഥാൻ, ചുള്ളിപ്പാടം പ്രദേശത്തെ ഏക്കർ കണക്കിന് സ്ഥലത്തേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനായാണ് സ്ലൂയിസ് നിർമിച്ചത്. മഴക്കാലം അവസാനിക്കുന്നതോടെ പുഴയിൽനിന്ന് കരയിലേക്ക് ഉപ്പുവെള്ളം കയറാൻ തുടങ്ങും.
ആറ് ഷട്ടറുകളാണ് ഇവിടെ സ്ഥാപിക്കാനുള്ളത്. കരാറെടുത്ത് വർഷങ്ങളായെങ്കിലും പദ്ധതിയുടെ നിർമാണം ഇഴഞ്ഞുനീങ്ങിയാണ് ഫെബ്രുവരിയിൽ പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനം കഴിഞ്ഞ് അടുത്ത ദിവസങ്ങളിൽ തന്നെ ഷട്ടറുകൾ സ്ഥാപിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നടന്നില്ല.
യു.ഡി.എഫ്. പ്രതിഷേധം
ചാവക്കാട് : സുബ്രഹ്മണ്യൻ കടവിന് സ്ലൂയിസിന് ഷട്ടറുകൾ സ്ഥാപിക്കാത്തതിൽ യു.ഡി.എഫ്. ജനകീയ പ്രതിഷേധം നടത്തി. സ്ലൂയിസ് പരിസരത്ത് വാഴയില കൊണ്ട് പ്രതീകാത്മകമായി താത്‌കാലിക ഷട്ടർ വെച്ചുനടത്തിയ സമരം ഡി.സി.സി. സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ്. സർക്കാരും എം.എൽ.എ.യും പദ്ധതി നിർവഹിക്കുന്നതിൽ അനാസ്ഥ വരുത്തിയെന്നും കരാറുകാരെക്കൊണ്ട് യഥാസമയം പണി പൂർത്തീകരിക്കാൻ കഴിയാത്തത് അനാസ്ഥയാണെന്നും സമരക്കാർ ആരോപിച്ചു.
ഷട്ടറുകൾ സ്ഥാപിക്കാതെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി തിരക്കിട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നെന്നും സമരക്കാർ ആരോപിച്ചു. വി.പി. മൻസൂർ അലി അധ്യക്ഷനായി. പി.വി. ഉമ്മർ കുഞ്ഞി, പി.എം. മുജീബ്, സി. മുസ്താക്ക് അലി, ആർ.എസ്. മുഹമ്മദ് മോൻ, പി.കെ. നിഹാദ്, സക്കീന ബഷീർ എന്നിവർ പ്രസംഗിച്ചു.
Published: 17 Sept 2026, 03:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented