സംസ്ഥാനത്തെ ആദ്യ പരീക്ഷണവുമായി വടക്കാഞ്ചേരി സബ് ആർ.ടി.ഒ. ഉദ്യോഗസ്ഥർ

To advertise here,

ചേലക്കര : ഒറ്റ ദിവസം 506 പേരെ ലേണേഴ്‌സ് പരീക്ഷ എഴുതിപ്പിച്ച് ചരിത്രംകുറിച്ച് വടക്കാഞ്ചേരി സബ് ആർ.ടി.ഒ. ഉദ്യോഗസ്ഥർ.ചേലക്കര ഗവ. പോളിടെക്‌നിക് കോളേജിലാണ് സംസ്ഥാനത്തെ ആദ്യ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ലൈസൻസിനപേക്ഷിച്ച് രണ്ടു മാസത്തിലേറെ ലേണേഴ്‌സ്‌പരീക്ഷക്ക് കാത്തിരിക്കണമെന്ന പ്രയാസമില്ല.

ബുധനാഴ്ച രാവിലെയാണ് പരീക്ഷ നടത്തിയത്. ഗതാഗത കമ്മിഷണറുടെ നിർദേശപ്രകാരം ജോയിന്റ് ആർ.ടി.ഒ. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷ. വടക്കാഞ്ചേരി മോട്ടോർ വെഹിക്കൾ ഡിപ്പാർട്ട്‌മെന്റിലെ മൂന്ന് ഉദ്യോഗസ്ഥരുടെയും എൻഫോഴ്‌സ്‌മെന്റിലെ അഞ്ച് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് വിജയകരമായി ലേണേഴ്‌സ് ടെസ്റ്റ് നടത്തിയത്.

ഒരാഴ്ച മുൻപ് ചേലക്കര ഗവ. പോളിടെക്‌നിക് കോളേജിൽ അനുമതി തേടി കത്തു നൽകിയിരുന്നു. ഇതിന് അനുമതി ലഭിച്ചതോടെ കോളേജധികൃതരുടെ സഹായത്തോടെ ഒരേ സമയം 48 പേർക്ക് എന്ന നിലയിൽ ലേണേഴ്‌സ് പരീക്ഷ നടത്താൻ ക്രമീകരണമൊരുക്കി. വ്യത്യസ്ത കംപ്യൂട്ടറുകളിൽ വ്യത്യസ്ത ചോദ്യപ്പേപ്പറുകൾ നൽകി തടസ്സങ്ങളില്ലാതെ വിജയകരമായി പൂർത്തീകരിച്ചു. ആർ.ടി.ഒ. ഓഫീസിൽ ക്രമീകരിച്ചിട്ടുള്ള കംപ്യൂട്ടറുകൾ വഴി ടെസ്റ്റിന് ഇത്രയധികംപേരെ ഒരുമിച്ചു പങ്കെടുപ്പിക്കാൻ സാധിക്കാത്തതിനാലാണ് സർക്കാർ അധീനതയിലുള്ള മറ്റൊരു കേന്ദ്രം തിരഞ്ഞെടുത്തത്.

ഒറ്റ ദിവസം പരീക്ഷ നടത്തിയതിലൂടെ അപേക്ഷകർക്ക് രണ്ടു മാസത്തിലധികം കാത്തിരിക്കേണ്ട സാഹചര്യം ഒഴിവായി. ലേണേഴ്‌സ് ടെസ്റ്റ് വിജയിച്ചവർക്ക് വാഹനങ്ങളോടിച്ച് പരിശീലിക്കാനുള്ള സമയവും ഇതിലൂടെ പെട്ടെന്ന് ലഭിക്കുകയും ചെയ്തു.