കരുവന്നൂർ : ആചാരത്തനിമയോടെ കരുവന്നൂർ വെട്ടുകുന്നത്തുകാവ് ഭഗവതീക്ഷേത്രത്തിൽ പോത്തോട്ടോണം നടന്നു. കാർഷികാഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനുമായി കാർഷികോത്സവത്തിന്റെ ഭാഗമായാണ് ചടങ്ങ് നടത്തുന്നത്.

To advertise here,

കന്നിമാസത്തിലെ തിരുവോണനാളിലാണ് സാധാരണ പോത്തോട്ടോണം നടത്തുന്നത്. ഇത്തവണ മകം നാളിലാണ് നടത്തിയത്. ഏഴു ദിവസം മുൻപ്‌ ക്ഷേത്രത്തിൽ പോത്തുകൾക്കായി പ്രത്യേകം പൂജ നടത്തി വ്രതമെടുത്ത് പോത്തിനെ മൂളിക്കുക എന്ന ചടങ്ങോടുകൂടിയാണ് ഈ ആഘോഷം തുടങ്ങുന്നത്. ഏഴു ദിവസത്തെ ചിട്ടയായ വ്രതത്തിനുശേഷം കർഷകർ പോത്തുകളുമായി ക്ഷേത്രത്തിലെത്തും.

വിവിധ ദേശങ്ങളിൽനിന്നെത്തിയ പോത്തുകൾ ദേവിക്കു മുന്നിൽ ആർത്തോട്ടത്തിനുശേഷമാണ് ഇതിൽ പങ്കെടുക്കുക. മൂർക്കനാട്, പുറത്താട്, തേലപ്പിള്ളി, തളിയക്കോണം, മാടായിക്കോണം, മാപ്രാണം, കരുവന്നൂർ തുടങ്ങി വിവിധ ദേശങ്ങളിൽനിന്നെത്തിയ പോത്തുകൾ ദേവിക്കുമുന്നിൽ ആർത്തോട്ടത്തിനുശേഷമാണ് ഇതിൽ പങ്കെടുക്കുന്നത്.

പോത്തോട്ടക്കല്ലിൽ പഴയകാലത്തിന്റെ കാർഷികോത്പന്നങ്ങളുടെ പ്രതീകമായ നെല്ലിൻ കറ്റക്കു മുകളിലിരിക്കുന്ന ചടങ്ങുകളുടെ പാരമ്പര്യാവകാശിയായ വള്ളുവോൻ കൽപ്പിക്കുന്നതിനെത്തുടർന്ന് പോത്തുകൾ തറയ്ക്കു ചുറ്റും മൂന്നു പ്രദക്ഷിണം ചെയ്ത് ശക്തി തെളിയിക്കും.

അനുഗ്രഹസൂചകമായി ഭഗവതിയുടെ പ്രതിനിധിയായ വെളിച്ചപ്പാട് ഉരുക്കളുടെ ശക്തി ഒരാണ്ട് ദേശത്തെ രക്ഷിക്കുമെന്ന് കല്പന ചൊല്ലുന്നതോടെയാണ് ചടങ്ങുകൾ സമാപിക്കുക. ക്ഷേത്രത്തിൽ വെളിച്ചപ്പാടില്ലാത്തത് ഇത്തവണ ഈ ചടങ്ങിന് തടസ്സം സൃഷ്ടിച്ചു. കർഷകർക്കിടയിൽ കഴിഞ്ഞ വർഷത്തെ പിണക്കങ്ങൾ ഒത്തുതീർപ്പാക്കുന്ന പതിവും ഇവിടെയുണ്ട്. കേരളത്തിലെ പ്രസിദ്ധമായ പോത്തോട്ടങ്ങളിലൊന്നാണ് കരുവന്നൂർ വെട്ടുകുന്നത്തുകാവിലേത്.