തൃശ്ശൂർ : ലഹരിയിൽ, ഗുണ്ടാപ്രവർത്തനത്തിൽ, കുടുംബപ്രശ്നങ്ങളിൽ എല്ലാം വീണുപോയ വിദ്യാർഥികൾക്ക് തണലൊരുക്കി പോലീസിന്റെ ഹോപ്പ് . സോഷ്യൽ പോലീസിങ്ങിന്റെ ഭാഗമായി ആരംഭിച്ച ഹോപ്പ് പദ്ധതി വഴി 2025-26 അധ്യയന വർഷത്തിൽ വിജയം തിരിച്ചുപിടിച്ചത് 1062 വിദ്യാർഥികൾ. പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടിവന്നവരും പരീക്ഷയിൽ പരാജയപ്പെട്ടവരുമെല്ലാം ഹോപ്പിന്റെ കൈപിടിച്ചുയർന്നു. 2017-ൽ ആരംഭിച്ച ഈ പദ്ധതി വഴി എസ്.എസ്.എൽ.സി., പ്ലസ് ടു വിദ്യാർഥികൾക്ക് സൗജന്യമായി തുടർപഠനം സാധ്യമാക്കുകയാണ് കേരള പോലീസ്. കഴിഞ്ഞ വർഷം 1613 പേർ പരീക്ഷ എഴുതി. ഭൂരിഭാഗം പേരും മികച്ച വിജയം നേടി. പുതിയ ബാച്ചിന്റെ ക്ലാസും പഠിച്ചിറങ്ങിയവരുടെ വിജയോത്സവവും ചൊവ്വാഴ്ച സിറ്റി പോലീസ് കമ്മിഷണർ നകുൽ ആർ. ദേശ് മുഖ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂരിൽ മാത്രം പരീക്ഷ എഴുതിയ 79-ൽ 38 പേർ ജയിച്ചു.
2023-24 വർഷത്തിൽ 24-ൽ എട്ടുപേർക്കും 2024-25 വർഷത്തിൽ 35-ൽ 15 പേർക്കും ഹോപ്പിന്റെ സഹായത്തോടെ വിജയിക്കാനായി. ‘ഈ കുട്ടികളെ പഠിപ്പിക്കുകയല്ല, അവരെ പഠിക്കുകയാണ് വേണ്ടത്. എന്തുകൊണ്ടവർ പഠനത്തിൽ പിറകിലായെന്നും എങ്ങനെ മുന്നോട്ടുകൊണ്ടുവരാമെന്നും പഠിക്കണം.’ - അധ്യാപിക അനിത പയസ് പറയുന്നു.
പൂർവവിദ്യാർഥികളിൽ പട്ടാളക്കാരും അധ്യാപകരും തുടങ്ങി മികച്ച ജീവിതങ്ങൾ പിന്തുടരുന്നവരുണ്ടെന്ന് അധ്യാപികയായ വി.ആർ. ഷീമ വാചാലയായി. പഠിച്ചിറങ്ങിയ ബാച്ചിലെ കുട്ടികൾ സുഹൃത്തുക്കളെപോലെയാണെന്നും ഏതൊരുകാര്യത്തിലും ഓടി തങ്ങൾക്കരികിലെത്തുമെന്നും അധ്യാപകനായ ജെറിൻ ജിമ്മിയും പറയുന്നു.
അധ്യാപകരുടെ പിന്തുണയും പോലീസിന്റെ കരുതലുമാണ് തങ്ങളെ മുന്നോട്ട് നയിച്ചതെന്ന് കുട്ടികൾ പറയുന്നു. ഹോപ്പ് ജില്ലാ നോഡൽ ഓഫീസർ അഡീഷണൽ എസ്.പി. വി.എ. കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. ആഴ്ചയിൽ മൂന്നുദിവസങ്ങളിലാണ് ഈ വിദ്യാർഥികൾക്ക് ക്ലാസുകൾ. ജില്ലയിൽ തൃശ്ശൂർ, ചാവക്കാട്, പട്ടിക്കാട്, വടക്കാഞ്ചേരി, കുന്നംകുളം എന്നീ അഞ്ചുസെന്ററുകളിലാണ് പഠനം. ഈ വർഷത്തെ രജിസ്ട്രേഷൻ നടപടികൾ തുടരുന്നു.
Published: 07 Oct 2026, 03:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented