പടിയൂർ : മതിലകം പാലത്തിൽ കോൺക്രീറ്റ് അടർന്നതിനെത്തുടർന്ന് ഇരുമ്പുകമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് വാഹനങ്ങൾക്ക് അപകടഭീഷണിയുയർത്തുന്നു. പടിയൂർ പഞ്ചായത്തിനെയും മതിലകം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കനോലി കനാലിനു കുറുകെയുള്ള പാലത്തിലാണ് കോൺക്രീറ്റുപാളി അടർന്നുപോയി കമ്പികൾ പുറത്തായിരിക്കുന്നത്.

To advertise here,

മലയും കടലും ബന്ധിപ്പിക്കുന്ന മതിലകം-ഷോളയാർ ഹൈവേയിൽപ്പെടുന്നതാണ് ഈ പാലം. അഞ്ചുവർഷംമുമ്പാണ് ഈ റോഡ് മെക്കാഡം ടാറിങ് നടത്തി നവീകരിച്ചത്. വെള്ളാങ്ങല്ലൂർ ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾക്ക് മതിലകം പള്ളിവളവ് കൂടി എറണാകുളം- ഗുരുവായൂർ 66 ഹൈവേയിലേക്ക് കയറാനുള്ള എളുപ്പവഴിയാണ് ഈ പാലം.

പൊതുമരാമത്തുവകുപ്പ് ബ്രിഡ്‌ജസ് വിഭാഗം 20 വർഷംമുമ്പാണ് ഈ പാലം നിർമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. രണ്ടുമാസംമുമ്പ് ഇതേസ്ഥലത്ത് കോൺക്രീറ്റ് അടർന്നുപോയി ഇരുമ്പുകമ്പികൾ പുറത്തായത് ജനങ്ങളുടെ ആവശ്യപ്രകാരം കോൺക്രീറ്റിട്ടെങ്കിലും വീണ്ടും അത് അടർന്നുപോയ നിലയിലാണ്.

പാലത്തിന്റെ പലഭാഗത്തും ഇത്തരത്തിൽ പൊട്ടലുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

കോൺക്രീറ്റ് അടർന്നുപോയത് പലതവണ പൊതുമരാമത്തുവകുപ്പ് ബ്രിഡ്‌ജസ് വിഭാഗത്തെ അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പടിയൂർ പഞ്ചായത്തംഗം പ്രഭാത് വെള്ളാപ്പുള്ളി പറഞ്ഞു.