ചാലക്കുടി : ചൊവാഴ്ച വൈകീട്ട് പട്ടണത്തിലുണ്ടായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. സിദ്ധാർഥ ഹോട്ടലിന്റെ മുൻപിൽ മരം വീണ് ഉടമയുടെ കാർ തകർന്നു. ഹോട്ടലുമയുടെ ആഡംബര കാറാണ് മറിഞ്ഞു വീണത്. പുറത്തു നിന്ന മരം ഹോട്ടൽ കോമ്പൗണ്ടിലേക്ക് വീഴുകയായിരുന്നു. ഈ മരം അപകടാവസ്ഥയിൽ നിന്നതിനാൽ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്.

To advertise here,

സെയ്ന്റ് ജെയിംസ് അക്കാദമി റോഡിൽ വൈദ്യുതിപോസ്റ്റിലേക്ക് മരം വീണ് പോസ്റ്റ് മറിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ഗേറ്റിനടുത്ത് മരം കുറകെ വീണ് ഗതാഗതതടസ്സമുണ്ടായി. പിന്നീട് മരം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ചാലക്കുടിപ്പുഴയോരത്ത് നിന്നിരുന്ന മൂന്ന് വലിയ പരസ്യ ബോർഡുകളിൽ രണ്ടെണ്ണം കാറ്റിൽ നിലംപൊത്തി. പലയിടത്തും വീടുകളുടെയും കടകളുടെയും മുകളിലിട്ടിരുന്ന ഷീറ്റുകൾ പറന്നുപോയി. പടിഞ്ഞാറേ ചാലക്കുടി കണിച്ചിക്കാട്ടിൽ ജോർജിന്റെ വീടിനു മുകളിൽ തെങ്ങു വീണു. പട്ടണത്തിൽ പകുതിയിലധികം സ്ഥലങ്ങളിൽ വൈദ്യുതിബന്ധം തകരാറിലായിരിക്കുകയാണ്. മൂന്നരയോടെയാണ്‌ കാറ്റും മഴയും ഉണ്ടായത്. ശക്തമായ കാറ്റ് അഞ്ചു മിനിറ്റോളം നീണ്ടു നിന്നു. കാറ്റിൽ റോഡിൽ വാഹനങ്ങൾ നിർത്തിയിടേണ്ടിവന്നു.