കോടികൾ മുടക്കിയ പദ്ധതി ഇപ്പോൾ കുളവാഴ നീക്കൽ മാത്രമായി

To advertise here,

കൊടുങ്ങല്ലൂർ: ഇത് പെരിഞ്ഞനം പഞ്ചായത്തിലെ കൊറ്റംകുളത്തിന് ഒരു കിലോമീറ്റർ പടിഞ്ഞാറു മാറിയുള്ള തോണിക്കുളം... പഞ്ചായത്തിലെ വിവിധ കൈത്തോടുകൾ സംഗമിക്കുന്ന ഇവിടെനിന്നാണ് ഒരു കാലത്ത് തീരദേശത്തെ ഗ്രാമങ്ങളെ കോർത്തിണക്കിയുള്ള 14.71 കിലോമീറ്റർ ദൂരമുള്ള ഉൾനാടൻ ജലഗതാഗതമാർഗമായ വലിയതോട്-പെരുതോടിന്റെ തുടക്കും.

പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ്, എറിയാട് പഞ്ചായത്തുളുടെ മധ്യഭാഗത്തുകൂടിയൊഴുകി കാഞ്ഞിരപ്പുഴയുടെ കൈവഴിയായ കോട്ടപ്പുറം കായലിൽ അഴീക്കോടു ഭാഗത്ത് വന്നുചേരുന്ന ഈ തോട്ടിലൂടെയായിരുന്നു ആദ്യകാലങ്ങളിൽ തോണികൾ പോയിരുന്നത്.

കാടുപിടിച്ചുകിടന്നിരുന്ന, ജലസേചനവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി അടുത്ത കാലത്ത് അളന്നു തിട്ടപ്പെടുത്തി കൽപ്പടവുകളോടുകൂടി ഏകദേശം രണ്ടു സെന്റ് വിസ്തൃതിയിൽ ചുറ്റും സംരക്ഷണ ഭിത്തി കെട്ടി. ഇവിടെനിന്നാണ് പെരുംതോട്-വലിയ തോട് കോട്ടപ്പുറം കായലിനെ ലക്ഷ്യമാക്കി ഒഴുകിത്തുടങ്ങുന്നത്.

തോട് കടന്നുപോകുന്ന അഞ്ച് പഞ്ചായത്തുകളിൽ പെരിഞ്ഞനത്തെ ഒരു കിലോമീറ്ററും മതിലകത്തെ 3.1 കിലോമീറ്ററും ശ്രീനാരായണപുരത്തെ 2.5 കിലോ മീറ്ററുമടക്കം 7.18 കിലോമീറ്റർ ദൂരം ചെറുകിടജലസേചനവകുപ്പിനു കീഴിലും എടവിലങ്ങിലെ 2.8 കിലോ മീറ്ററും എറിയാട്ടെ 5.12 കിലോമീറ്ററുമടക്കം 7.3 കിലോമീറ്റർ ഭാഗം ജലസേചനവിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്.

1970-80 കാലഘട്ടത്തിൽ ജലസേചനവകുപ്പ് നടത്തിയ പുനരുദ്ധാരണപ്രവർത്തനങ്ങൾക്കു ശേഷം 37 വർഷങ്ങൾക്കു ശേഷമാണ് നീർവാർച്ചയ്ക്കു‌ള്ള ഉപാധി എന്നതിൽനിന്ന് വ്യത്യസ്തമായി തീരദേശത്തെ വലിയ ജലസംഭരണി എന്ന ദൗത്യത്തിനായി വലിയതോതിലുള്ള ജലവിഭവസംരക്ഷണ പ്രവർത്തനത്തിന് ജനകീയപങ്കാളിത്തതോടെ 2016-ൽ തുടക്കം കുറിച്ചത്.

ഏഴു മാസത്തിനുള്ളിൽ വിപുലമായ പദ്ധതി തയ്യാറാക്കിയാണ് തോട് വൃത്തിയാക്കി അരികുസംസംരക്ഷണം ഉറപ്പുവരുത്തുന്ന പദ്ധതിയിലേക്കു കടന്നത്. 2017- മാർച്ച് മാസത്തിൽ പദ്ധതി ശ്രീനാരയണപുരം പഞ്ചായത്തിൽ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു.

തുടർന്ന് വർഷങ്ങളായി തോട്ടിൽ അടിഞ്ഞുകൂടിയ വലിയതോതിലുള്ള ചെളിയും പായലും മാലിന്യങ്ങളും നീക്കംചെയ്യുന്ന ജോലികളാണ് അഞ്ച് പഞ്ചായത്തുകളിലും തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി ആരംഭിച്ചത്.

എറിയാട് പഞ്ചായത്തിൽ തോടിന്റെ ആഴവും വലിയതോതിലുളള മാലിന്യവും നീക്കംചെയ്യുന്നത് ബുദ്ധിമുട്ടായതോടെ പ്രാദേശികമായി പണം സമാഹരിച്ച് യന്ത്രമുപയോഗിച്ചാണ് വൃത്തിയാക്കൽ നടന്നത്. 2017 ഏപ്രിലിൽ തോടിന്റെ കരകൾ കയവുവലപ്പായവിരിക്കൽ മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.

കയർവലപ്പായകൾക്ക് പ്രതീക്ഷിച്ചയത്ര ആയുസ്സ് ലഭിക്കാതിരുന്നതും ബന്ധപ്പെട്ട പഞ്ചായത്തുകളുടെ തുടർപ്രവർത്തനങ്ങളുടെയും സംരക്ഷണത്തിന്റെയും അഭാവവുംമൂലം കോടികൾ മുടക്കിയ പദ്ധതി ഇപ്പോൾ കുളവാഴനീക്കൽ മാത്രമായി മാറി.

ഇത്തവണ കുളവാഴനീക്കലിന് കാലതാമസമുണ്ടായപ്പേൾ വർഷക്കാലത്ത് തോടിന്റെ ഇരുകരകളും കവിഞ്ഞ് തീരദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് നേരിടേണ്ടി വന്നു.

(തുടരും)