തൃശ്ശൂർ : അഗ്നിഹോത്രിയുടെ, പെരുന്തച്ചന്റെ, അകവൂർചാത്തന്റെ, പാക്കനാരുടെ എല്ലാം പിൻമുറക്കാർ നിരന്ന വേദി. പന്തിരുകുലത്തിൽ 12 പേരുടെയും ചരിത്രം വിവരിക്കുന്ന പാട്ടും അതോടൊപ്പം പിറന്ന തിരുവാതിരച്ചുവടുകളും. വരരുചിയും പഞ്ചമിയും സൂത്രധാരനും അഭിനയിച്ചുതകർത്ത നാടകഭാഗം. ഒറ്റപ്പാലം ഗായത്രി സമ്പൂതിരിസഭ ആർദ്രാമൃതം കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടന്ന പന്തിരുകുലഗാഥ അവതരണം പറയിപെറ്റപന്തിരുകുലത്തിന്റെ പെരുമ വിളിച്ചോതുന്നതായി.

To advertise here,

 

പന്തിരുകുലത്തെക്കുറിച്ചുള്ള ഗവേഷണവും ഇവരുടെ ഇപ്പോഴത്തെ കണ്ണികളെ കണ്ടെത്താനുള്ള യാത്രയുമൊക്കെയായി ഒരുവർഷത്തോളം നീണ്ട പരിശ്രമത്തിന്റെ സാഫല്യമായി നിറഞ്ഞ വേദി. കവി മധുസൂദനൻ നായരുടെയും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുടെയും മന്ത്രി പി.സി. വിഷ്ണുനാഥിന്റെയുമെല്ലാം ആശംസകൾ സ്‌ക്രീനിൽ തെളിഞ്ഞു.

ഗണപതി-സരസ്വതിസ്തുതിയിൽ തുടങ്ങിയ പന്തിരുകുലഗാഥയിൽ ആദ്യപാട്ടിനുശേഷം വരരുചിയും പറയിയും സൂത്രധാരനും രംഗത്തെത്തി. വായുണ്ടെങ്കിൽ പിറന്ന കുഞ്ഞിനെ അവിടെത്തന്നെ ഉപേക്ഷിക്കാൻ വരരുചി ഭാര്യയോടുപറയുന്ന പന്തിരുകുലത്തിന്റെ പിറവിക്ക് ആധാരമായ ആ തീരുമാനം രംഗത്ത് അവതരിപ്പിച്ചു. ‘പന്തിരുകുലത്തിങ്കൽ മുമ്പനായ് പിറന്നൊരു...’ തുടർന്ന് അഗ്നിഹോത്രിയുടെ ചരിത്രം പറയുന്ന പാട്ടിനൊപ്പം കൈകൊട്ടിക്കളി പിറന്നു.

പിന്നീട് പന്തിരുകുലത്തിലെ ഓരോരുത്തരായി വേദിയിലെത്തി. രജകൻ, പെരുന്തച്ചൻ, വള്ളോൻ, നാറാണത്തുഭ്രാന്തൻ... എന്നിങ്ങനെ നീണ്ടു അവതരണങ്ങൾ. പാട്ടുകൾക്കിടയിൽ നാടകഭാഗങ്ങളും വന്നു. 12 പാട്ടുകളിൽ പന്തിരുകുലത്തിന്റെ പെരുമകൾ മുഴുവൻ സദസ്സിലേക്ക് പകർന്നു. വേദിയിലെത്തിയ 17 പേരും സ്വന്തം ഭാഗം ആടിത്തീർത്തു. ഒന്നരമണിക്കൂറോളം കാണികളെ പന്തിരുകുലത്തിൽ തളച്ചിടുന്നതായി അവതരണം.

അഗ്നിഹോത്രിയുടെ പിൻമുറക്കാരിയായി സാവിത്രി കടമ്പൂരും അകവൂർ ചാത്തന്റെ കുടുംബത്തിൽനിന്ന്‌ ഡോ. സന്തോഷും പാക്കനാരുടെ ശ്രേണിയിൽപ്പെട്ട ജയറാമും പെരുന്തച്ചന്റെ പിൻമുറക്കാരനായ പ്രദീപും വടുതലനായരുടെ കുടുംബത്തിൽനിന്നുള്ള അനുപമ എസ്. നായരും വേദിയിലെത്തി ആദരം ഏറ്റുവാങ്ങി.

പരിപാടിയുടെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ ബി.കെ. ഹരിനാരായണൻ നിർവഹിച്ചു. ഗായത്രി നമ്പൂതിരിസഭ പ്രസിഡന്റും ടീം കോഡിനേറ്ററുമായ ബീന തടുക്കശ്ശേരി അധ്യക്ഷത വഹിച്ചു.

പാട്ടുകളെഴുതിയ ആർ.എൽ.വി. നവ്യ അനിലിനെ ചടങ്ങിൽ ആദരിച്ചു. ശ്രീഹരി മൂർക്കന്നൂർ, നിഷ പെരുമ്പടപ്പ്, ഷീല പാറയ്ക്കാട്, രതി പെരുമ്പടപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.