അതിരപ്പിള്ളി : അതിരപ്പിള്ളി പഞ്ചായത്തിലെ മലക്കപ്പാറ വെട്ടിവിട്ടക്കാട് ഊരിൽ ശ്വാസംമുട്ടലിനെത്തുടർന്ന് അവശനിലയിലായ ആദിവാസി യുവാവിനെ ആശുപത്രിയിലെത്തിച്ചത് എട്ടുമണിക്കൂറെടുത്ത്. ഊരിലെ ചിന്നപ്പരാജിന്റെ മകൻ കുമാറി(33)നെയാണ് മണിക്കൂറുകൾ നീണ്ട ദുരിതത്തിനൊടുവിൽ ഞായറാഴ്ച വൈകീട്ട് മൂന്നോടെ തൃശ്ശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.ശനിയാഴ്ച രാത്രിയാണ് കുമാറിന്റെ അസുഖം ഗുരുതരമായത്.

To advertise here,

 

ഊരിലേക്ക് വാഹനങ്ങളെത്താൻ കഴിയുന്ന റോഡില്ല. കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ ചെറിയ നടപ്പാത മാത്രമാണ് ഇവിടേക്കുള്ളത്. രാവിലെ തുണിയും മരവും ഉപയോഗിച്ച് ഊരിലെ യുവാക്കൾ മഞ്ചൽ തയ്യാറാക്കി മാറിമാറി ചുമന്ന് ഏകദേശം നാല് കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് റോഡിലെത്തിയത്. രണ്ടുമണിക്കൂറോളമെടുത്താണ് ഇത്രയും ദൂരമെത്തിയത്.

 

യാത്രയ്ക്കിടെ വഴിയിൽ ആനകളെ കണ്ടതോടെ ബഹളംവെച്ച് ഓടിച്ചശേഷമാണ് യാത്ര തുടർന്നത്. റോഡ് ആരംഭിക്കുന്ന ഭാഗത്ത് എത്തിയശേഷം കുമാറിനെ മലക്കപ്പാറയിലെത്തിച്ചു. അവിടെനിന്ന് പട്ടികവർഗവകുപ്പിന്റെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

വിട്ടുവിട്ടക്കാട് ഊര് നിലവിൽവന്നകാലം മുതൽ റോഡ് വേണമെന്ന ആവശ്യമുന്നയിച്ച് ഒട്ടേറെ പരാതികൾ നൽകിയിട്ടും പരിഹാരമായില്ല.

മുതുവാൻവിഭാഗത്തിൽപ്പെട്ട 13 കുടുംബങ്ങളാണ് ഊരിൽ താമസിക്കുന്നത്. 50 ഓളം പേർ ഇവിടെ കഴിയുന്നു. കൃഷിയാണ് പ്രധാന വരുമാന മാർഗം. ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ റോഡുനിർമാണം ആരംഭിച്ചെങ്കിലും പൂർത്തിയായിട്ടില്ല.