ഒന്നാം പ്ലാറ്റ്ഫോമിലേക്കു രണ്ടു കവാടങ്ങൾ പാർക്കിങ്സൗകര്യം പരിമിതപ്പെടുത്തും

To advertise here,

തൃശ്ശൂർ : റെയിൽവേസ്റ്റേഷനിൽ നവീകരണം നടക്കുന്നതിനാൽ ഒന്നാം പ്ലാറ്റ്ഫോമിലേക്ക്‌ രണ്ടിടങ്ങളിൽ പ്രവേശനകവാടമൊരുക്കുന്നു. നിലവിൽ ദിവാൻജിമൂലയ്ക്കു സമീപത്തുകൂടിയുള്ള പ്രവേശനം പൂർണമായും അടയ്ക്കും. ഇതിനു സമീപം പുതുതായി പ്രവേശനമാർഗം (ഒന്നാംഗേറ്റ്) തയ്യാറാക്കിയിട്ടുണ്ട്. ഇതിനു പുറമേ സ്റ്റേഷന്റെ തെക്ക്‌ കൊക്കാലയിൽ ഒരു പ്രവേശനമാർഗം(രണ്ടാംഗേറ്റ്)കൂടിയൊരുക്കും. രണ്ടാം ഗേറ്റ് സ്ഥാപിക്കുന്ന കൊക്കാല ഭാഗത്ത് ടിക്കറ്റ് കൗണ്ടറും വിശ്രമകേന്ദ്രവും ഒരുക്കും. ഈ മാസം അവസാനത്തോടെ ഈ സൗകര്യങ്ങൾ യാഥാർഥ്യമാകും. അതിനു ശേഷമാകും പ്രധാന കെട്ടിടം പൊളിക്കുന്നതുൾപ്പെടെ ആരംഭിക്കുക.

ഇതിനു പുറമേ സ്റ്റേഷനിലെ പാർക്കിങ് സൗകര്യം പരിമിതപ്പെടുത്തും. ഒന്നാം പ്ലാറ്റ്ഫോമിനു സമീപത്തുള്ള നിലവിലെ പാർക്കിങ്സ്ഥലത്ത് കുറച്ച് വാഹനങ്ങൾക്കു മാത്രമേ സൗകര്യമുണ്ടാകൂ. കൂടുതൽ ദിവസം പാർക്ക് ചെയ്യാനുദ്ദേശിക്കുന്ന വാഹനങ്ങൾക്കാകും ഇവിടെ മുൻഗണന. ബാക്കിയുള്ളവ ‘പിക് ആൻഡ് ഡ്രോപ്’ മാതൃക പിന്തുടരണം. കൊക്കാല ഭാഗത്ത് പാർക്കിങ് അനുവദിക്കില്ല. ആളുകളെ ഇറക്കാനും കയറ്റാനും മാത്രമേ അനുവദിക്കൂ.

ടിക്കറ്റ് എടുക്കാൻ മണിക്കൂറുകൾ

: ടിക്കറ്റെടുക്കാൻ മാത്രമായി മണിക്കൂറുകളോളം മുൻപ്‌ സ്റ്റേഷനിലേക്കെത്തേണ്ട സ്ഥിതിയാണ് യാത്രക്കാർക്കിപ്പോൾ. ടിക്കറ്റ്കൗണ്ടർ സൗകര്യം പുറത്തെ കെട്ടിടത്തിലേക്കു മാറ്റിയതോടെ നാല് എ.വി.ടി.എം. മെഷീൻ വഴി മാത്രമേ ടിക്കറ്റ് എടുക്കാനാവൂ. മുൻപുണ്ടായിരുന്നതിന്റെ പകുതിയായി ടിക്കറ്റ് കൗണ്ടർ സൗകര്യം ചുരുങ്ങിയതോടെ യാത്രക്കാർക്ക് വലിയ നിരയിൽ മണിക്കൂറുകൾ നഷ്ടമാകുകയാണ്.

പോകാനിരുന്ന ഏറനാട് എക്സ്പ്രസ് വൈകിയതിനാൽ മാത്രമാണ് ടിക്കറ്റെടുക്കാൻ പറ്റിയതെന്ന് ഗുരുവായൂർ ദർശനത്തിന് ജില്ലയിലെത്തിയ തിരുവനന്തപുരം സ്വദേശി ബി. ശ്രീകുമാർ പറഞ്ഞു. സമയമനുസരിച്ച് സ്റ്റേഷനിലെത്തിയാൽ യാത്രക്കാർക്ക് ട്രെയിൻ നഷ്ടമാകും. കൂടുതൽ ടിക്കറ്റ്കൗണ്ടറുകൾ ഉണ്ടായാലേ ഈ സ്ഥിതി പരിഹരിക്കാനാകൂവെന്നാണ് കണ്ണൂർ സ്വദേശികളായ നയനാ ദാസിന്റെയും രസികാ വിജിലിന്റെയും അഭിപ്രായം.

ആദ്യം വേണ്ടത് ക്വാർട്ടേഴ്സ്

: ബഹുനിലക്കെട്ടിടമായി നിർമിക്കാനൊരുങ്ങുന്ന റെയിൽവേ ക്വാർട്ടേഴ്സിന്റെ സുരക്ഷാ പരിശോധനകൾ നടക്കുന്നതേയുള്ളൂ. നിലവിൽ ക്വാർട്ടേഴ്സുകൾ ദിവാൻജിമൂല മുതൽ കൊക്കാല വരെ പരന്നുകിടക്കുകയാണ്. ക്വാർട്ടേഴ്സിന്റെ നിർമാണം പൂർത്തീകരിച്ച് താമസം മാറ്റിയതിനു ശേഷം സ്റ്റേഷൻനവീകരണം ആരംഭിക്കുകയായിരുന്നു ഉചിതമെന്ന് അഭിപ്രായമുണ്ട്. ഇത് നവീകരണം കൂടുതൽ എളുപ്പമാക്കുമായിരുന്നു. പണി നടക്കുന്ന സ്റ്റേഷന്റെ തെക്കുള്ള ക്വാർട്ടേഴ്സുകളിൽ പൊടിശല്യവും അനുഭവപ്പെടുന്നുണ്ട്.

പ്രധാന കെട്ടിടം ഒക്ടോബർ ആദ്യം പൊളിക്കും

: സ്റ്റേഷന്റെ മുഖമുദ്രയായ പ്രധാന കെട്ടിടം ഒക്ടോബർ ആദ്യവാരം പൊളിക്കും. സ്റ്റേഷൻ മാനേജരുടെ ഓഫീസ്‌മുറിയും സിഗ്നൽസംവിധാനങ്ങളും ഉൾപ്പെടുന്ന ഭാഗംമുതൽ മധ്യത്തിലെ കാൽനടപ്പാലംവരെ പൊളിക്കും. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഷീറ്റിട്ട് മറിച്ചിട്ടുണ്ട്. ഇതോടെ ഒന്നാം പ്ലാറ്റ്ഫോമിന്റെ വീതി പകുതിയോളം കുറയും. ദിവാൻജി മൂല ഭാഗത്തുനിന്ന് പ്രവേശിക്കുന്ന വാഹനങ്ങൾ ദേശീയപതാക സർക്കിൾ ചുറ്റി തിരികെപ്പോകണം. ഓട്ടോ–ടാക്സി നിര 20 മുതൽ 30 വരെയാക്കി ചുരുക്കും. ഭാരവാഹനങ്ങൾ പ്രവേശിപ്പിക്കില്ല. ഈ വാഹനങ്ങൾക്ക് പടിഞ്ഞാറ് പൂത്തോളിലെ കവാടം ഉപയോഗിക്കാം.

പ്രധാന കവാടത്തിലൂടെ പുറത്തേക്കു പോകേണ്ടവർക്ക്‌ ഒന്നാംപ്ലാറ്റ്ഫോമിലെ 23, 10 നമ്പർ കോച്ച് പൊസിഷനിലെ ഗേറ്റുകൾ ഉപയോഗിക്കാം. കൊച്ചി–തിരുവനന്തപുരം ഭാഗത്തേക്കുള്ള വന്ദേഭാരത്, മെമു, പാസഞ്ചർ ട്രെയിനുകൾ ഒന്നാം പ്ലാറ്റ്ഫോമിലെ ആറാം നമ്പർ കോച്ച് പൊസിഷനിലായിരിക്കും നിർത്തുന്നത്.