1946 മുതൽ 2016 വരെ ശേഖരിച്ച 26,065 ടൺ മാലിന്യമാണ് നിർമാർജനം ചെയ്യുക
കുന്നംകുളം : നഗരസഭയിലെ കുറുക്കൻപാറയിൽ കുന്നുകൂടിക്കിടന്ന മാലിന്യക്കൂമ്പാരത്തിന് ശാസ്ത്രീയപരിഹാരമാകുന്നു. ബയോമൈനിങ് പദ്ധതിയിൽ വേർതിരിച്ചെടുത്ത 38 ടൺ ആർ.ഡി.എഫ്. (റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ) ഡാൽമിയാപുരത്തെ ഡാൽമിയ സിമന്റ് ഫാക്ടറിയിലേക്കയച്ചു.
ആർ.ഡി.എഫ്. കയറ്റിയ വാഹനം കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സൗമ്യ അനിലൻ ഫ്ളാഗ് ഓഫ് ചെയ്തു. കേരള ഖരമാലിന്യ പരിപാലനപദ്ധതിയുടെ (കെ.എസ്.ഡബ്ല്യു.എം.പി.) ഭാഗമായി കുന്നംകുളം നഗരസഭയാണ് കുറുക്കൻപാറ ഡംപ്‌സൈറ്റിലെ ബയോമൈനിങ് നടത്തിയത്. വർഷങ്ങളായി കെട്ടിക്കിടന്ന 26,065 ടൺ മാലിന്യമാണ് ശാസ്ത്രീയമായി നീക്കംചെയ്യുന്നത്. 32,582 ഘനമീറ്റർ വരുന്ന മാലിന്യക്കൂമ്പാരം 1.80 ഏക്കർ വിസ്തൃതിയിലാണ് കൂട്ടിയിട്ടിരുന്നത്.
ബയോമൈനിങ് പ്രവർത്തനത്തിന്റെ ഭാഗമായി ഇതുവരെ ഏകദേശം 4,430 ടൺ മാലിന്യം സംസ്‌കരിച്ച് മൂന്നിനങ്ങളായി വേർതിരിച്ചിട്ടുണ്ട്. 64 ടൺ ആർ.ഡി.എഫാണ് ഇതിനകം ഡംപ്‌സൈറ്റിൽനിന്ന് നീക്കംചെയ്തത്. ഇതിൽ 38 ടൺ ആണ് ഡാൽമിയ സിമന്റ് ഫാക്ടറിയിലേക്കയച്ചത്. ശേഷിക്കുന്നത് ഘട്ടംഘട്ടമായി സിമന്റ് ഫാക്ടറിയിലേക്കു മാറ്റും. സിമന്റുത്‌പാദനത്തിന് ഇന്ധനമായാണ് ആർ.ഡി.എഫ്. ഉപയോഗിക്കുക.
ഒഴിവാകുന്നത് വർഷങ്ങളായുള്ള ദുരിതം
: 1946 മുതൽ 2016 വരെ തള്ളിയ മാലിന്യമാണ് കുറുക്കൻപാറയിൽ കെട്ടിക്കിടന്നിരുന്നത്. ഇതാണ് പുറത്തെടുത്ത് ശാസ്ത്രീയമായി വേർതിരിക്കുന്നത്. മാലിന്യം വർഷങ്ങളോളം കുന്നുകൂടിക്കിടന്നതിന്റെ ഭാഗമായി സമീപത്തെ കിണറുകളെയും ജലസ്രോതസ്സുകളെയും പ്രതികൂലമായി ബാധിച്ചിരുന്നു.
കൂടാതെ ദുർഗന്ധവും മറ്റ് പാരിസ്ഥിതികപ്രശ്നങ്ങളും പ്രദേശവാസികളുടെ ജീവിതത്തെ ദുഷ്‌കരമാക്കിയിരുന്നു. ബയോമൈനിങ്ങിലൂടെ മാലിന്യം പൂർണമായും നീക്കംചെയ്യുന്നതോടെ ഇതിനെല്ലാം പരിഹാരമാകും.മാർഗനിർദേശങ്ങൾ പ്രകാരം ആവശ്യമായ പരിശോധനകൾ നടത്തി ഉപയോഗയോഗ്യമാണെന്നുറപ്പാക്കിയ ശേഷമായിരിക്കും കുഴിച്ചെടുത്ത് മണ്ണ് തിരിച്ചുപയോഗിക്കുക.
മാലിന്യം നീക്കംചെയ്ത കുഴികളുടെ അടിത്തട്ടിൽനിന്ന് മണ്ണിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും. ബയോമൈനിങ് പൂർത്തിയാകുന്നതോടെ വർഷങ്ങളായി മാലിന്യക്കൂമ്പാരമായിക്കിടന്നിരുന്ന ഭൂമി പുനഃസ്ഥാപിച്ച് നഗരസഭയുടെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. നഗരസഭാ വൈസ് ചെയർപേഴ്‌സൺ പി.ജി. ജയപ്രകാശ്, സ്ഥിരംസമിതി അധ്യക്ഷൻമാരായ പുഷ്പാ ജോൺ, മിഷാ സെബാസ്റ്റ്യൻ, ആർഷാ ജിജു, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ, രാജി, എസ്.ഡബ്ല്യു.എം. എൻജിനീയർ മുഹ്‌സീന എന്നിവർ പങ്കെടുത്തു.
Published: 20 Sept 2026, 02:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented