കൊച്ചി: താലികെട്ട് കഴിഞ്ഞ് നവവരൻ കല്യാണമണ്ഡപത്തിൽ നിന്നിറങ്ങിവന്നത് സൂചിയും പിടിച്ചിരിക്കുന്ന നഴ്‌സുമാരുടെ അരികിലേക്കായിരുന്നു. പ്രഷറും ഷുഗറുമൊക്കെ പരിശോധിച്ച് വരൻ എഴുന്നേൽക്കുമ്പോൾ ആ സീറ്റിലേക്ക് നവവധു വന്നിരുന്നു. അതിനുമുൻപും ശേഷവുമായി വധൂവരന്മാരുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമൊക്കെയായി ഒരുപാടുപേരും വന്നിരുന്നതോടെ കല്യാണവേദിയിൽ തെളിഞ്ഞത് അപൂർവമായൊരു കാഴ്ച. വിവാഹവേദിയിൽ മെഡിക്കൽ ചെക്കപ്പിന് സൗകര്യമൊരുക്കി വധൂവരന്മാർ കാത്തുവെച്ച അപൂർവസമ്മാനം സന്തോഷത്തോടെയാണ് അവരെല്ലാം സ്വീകരിച്ചത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി അമൽദേവും അരീക്കോട് സ്വദേശി അമൃതയുമാണ് തങ്ങളുടെ വിവാഹവേദിയിൽ ആരോഗ്യ പരിശോധനയ്ക്ക് സംവിധാനമൊരുക്കിയത്.

To advertise here,

 

വ്ളോഗർ കൂടിയായ അമൽദേവാണ് കല്യാണത്തിന് വരുന്നവർക്ക് ഇങ്ങനെയൊരു സർപ്രൈസ് ഒരുക്കിയാലോയെന്ന് അമൃതയോട് ചോദിച്ചത്. ഫാർമസിസ്റ്റായി ജോലിചെയ്യുന്ന അമൃതയ്ക്ക് ഈ ആശയം കേട്ടതോടെ ഉത്സാഹമായി. അരീക്കോട് ആസ്റ്റർ മിംസ് മദർ ആശുപത്രിയിൽ ജോലിചെയ്യുന്ന സുഹൃത്തിനോട് കാര്യം പറഞ്ഞപ്പോൾ ആസ്റ്ററിൽ നിന്നുള്ള സഹായവും ഉറപ്പായി.

 

കല്യാണദിവസം രാവിലെ ആശുപത്രിയിൽനിന്ന് ആരോഗ്യപരിശോധനാ സൗകര്യങ്ങളുള്ള വാഹനം ഓഡിറ്റോറിയത്തിനുമുന്നിലെത്തി. ആറംഗസംഘമാണ് മെഡിക്കൽ ചെക്കപ്പ് നടത്തിയത്. 250-ഓളം പേർ പരിശോധന നടത്തി. പ്രഷറും ഷുഗറും കൊളസ്‌ട്രോളുമടക്കമുള്ള പരിശോധനയ്ക്കൊപ്പം ഇ.സി.ജി. പരിശോധനയുമുണ്ടായിരുന്നു. “സിവിൽ എൻജിനിയറിങ് പഠനസമയത്തുതന്നെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുണ്ടായിരുന്നു. ലോകാരോഗ്യസംഘടനയുടെ കീഴിലുള്ള മറുനാടൻ ആരോഗ്യപരിശോധനാ പദ്ധതികളിലും എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിലുമൊക്കെ പങ്കെടുത്തിരുന്നു. അതുകൊണ്ടുതന്നെയാണ് വിവാഹദിവസം വലിയ ആർഭാടങ്ങൾക്കായി ലക്ഷങ്ങൾ പാഴാക്കുന്നതിനുപകരം ആളുകൾക്ക് ഉപകാരപ്രദമായ ഇത്തരമൊരു ആരോഗ്യപരിരക്ഷാ സൗകര്യം ഏർപ്പെടുത്തിയാലോയെന്ന് ഞങ്ങൾ ചിന്തിച്ചത്” -അമൽ പറയുന്നു.