വെട്ടിമാറ്റാൻ നിയമക്കുരുക്ക്

To advertise here,

വണ്ണപ്പുറം : ഒറകണ്ണി-കാളിയാർ പള്ളിക്കവല റോഡരികിലെ ജപ്തിഭൂമിയിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന വന്മരങ്ങൾ സമീപത്തെ മൂന്ന് വീടുകൾക്ക് ഭീഷണിയാകുന്നു. ഏതു നിമിഷവും കടപുഴകിവീഴാവുന്ന ഘട്ടത്തിലുള്ള മരങ്ങൾ മാറ്റാനാകാതെ ദുരന്തഭീതിയിലാണ് പ്രദേശവാസികൾ.

സ്വകാര്യവ്യക്തിയുടെ ജപ്തിചെയ്ത ഭൂമിയിലാണ് പനിനീർച്ചാമ്പ, മഹാഗണി, വലിയ കാട്ടുമരം എന്നിവ നിൽക്കുന്നത്. സമീപവാസികളായ ജോസ് പാലക്കാട്ട്, ജോയി മുണ്ടയ്ക്കാമറ്റം, ജോസ് മാമ്പ്ര എന്നിവരുടെ വീടുകൾക്കാണ് പ്രധാനമായും അപകടഭീഷണിയുള്ളത്. ഭൂമി ജപ്തിചെയ്തതിനാലും കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാലും വസ്തുവുടമയ്ക്കോ മറ്റുള്ളവർക്കോ സ്വന്തം നിലയിൽ മരങ്ങൾ വെട്ടിമാറ്റാൻ നിയമപരമായ തടസ്സങ്ങളുണ്ട്. വില്ലേജ് അധികൃതർ മുഖേന മാത്രമേ ഇനി നടപടി സാധ്യമാകൂ.

പഞ്ചായത്ത്, വില്ലേജ് ഓഫീസ്, കളക്ടർ എന്നിവർക്ക് നിരവധി തവണ പരാതി നൽകിയിട്ടും ദുരന്തനിവാരണ അതോറിറ്റി ഉൾപ്പെടെയുള്ളവർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ, ലഭിച്ച പരാതിയിന്മേൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് താലൂക്ക് ഓഫീസിലേക്ക് അയച്ചിട്ടുണ്ടെന്നും മരങ്ങൾ വെട്ടിമാറ്റാൻ കുറഞ്ഞത് പതിനായിരം രൂപയെങ്കിലും ചെലവ് വരുമെന്നുമാണ് വണ്ണപ്പുറം വില്ലേജോഫീസറുടെ വിശദീകരണം.

അധികൃതരുടെ ചുവപ്പുനാടയിൽ കുരുങ്ങി നടപടികൾ വൈകുമ്പോഴും വലിയൊരു ദുരന്തം മുന്നിൽക്കണ്ട് ഭയത്തോടെയാണ് ഇവിടത്തെ കുടുംബങ്ങൾ ഓരോദിവസവും തള്ളിനീക്കുന്നത്. എത്രയും വേഗം ബന്ധപ്പെട്ടവർ ഇടപെട്ട് മരങ്ങൾ മുറിച്ചുമാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.