വടക്കാഞ്ചേരി : സാമ്പത്തിക കുറ്റകൃത്യത്തിന് ബാങ്ക് അക്കൗണ്ട് നൽകി സഹായിച്ച കേസിൽ ഒളിവിൽപ്പോയയാൾ പിടിയിൽ. മുള്ളൂർക്കര വാഴക്കോട് വടഗിരി വീട്ടിൽ ഷജീറിനെയാണ്(40) വടക്കാഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്. ഓൺലൈനിലൂടെ സംഘടിത സാമ്പത്തിക കുറ്റകൃത്യം നടത്തുന്ന സംഘങ്ങൾക്ക് ചതിയിലൂടെ ലഭിക്കുന്ന പണം കൈമാറ്റം നടത്തുന്നതിന് സ്വന്തം ബാങ്ക് അക്കൗണ്ട് വാടകയ്ക്കു നൽകി സഹായിച്ച കേസിൽ പ്രതിയായിരുന്ന ഷജീർ ഒളിവിൽ കഴിയുകയായിരുന്നു. പെരിന്തൽമണ്ണ സ്വദേശി റിയാൻ എന്നയാൾക്ക് എസ്. ബി.ഐ. ആലപ്പുഴ ബ്രാഞ്ചിലെ അക്കൗണ്ട് വിവരങ്ങൾ നൽകി പലതവണയായി എട്ടു ലക്ഷം രൂപയുടെ ഇടപാടുകൾ ഷജീർ നടത്തിയിട്ടുണ്ട്.

To advertise here,

വിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം പിൻവലിക്കുന്നതിന് തട്ടിപ്പുനടത്തുന്ന ആളുകൾ മറ്റുള്ളവരുടെ അക്കൗണ്ടുവിവരങ്ങൾ വാങ്ങിച്ച് അവരിലൂടെ പണം പിൻവലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതിനായി അക്കൗണ്ട് നൽകുന്നവർക്ക് ഇവർ വൻതുക കമ്മിഷനായി നൽകുന്നതായി പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമുള്ള സൈബർ ഹണ്ട് റെയിഡിന്റെ ഭാഗമായി വടക്കാഞ്ചേരി പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് ഷജീർ അറസ്റ്റിലായത്.

കോടതി പ്രതിയെ റിമാൻഡ് ചെയ്തു. വടക്കാഞ്ചേരി സ്റ്റേഷൻ ഹൗസ്ഓഫീസർ അനൂപിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ. സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സഗുൺ, സിവിൽ പോലീസ് ഓഫീസർമാരായ പുരന്ദരൻ, പലോസ് എന്നിവരുമുണ്ടായിരുന്നു.