ഏറ്റെടുക്കുന്നത് സെന്റിന് 15 ലക്ഷം രൂപ നിരക്കിൽ ഒൻപതു സെന്റ്‌

To advertise here,

ചാവക്കാട് : വഞ്ചിക്കടവിലെ ഭൂമിയേറ്റെടുക്കലിൽ അഴിമതിയാരോപിച്ച് യു.ഡി.എഫ്. അംഗങ്ങൾ നഗരസഭാ കൗൺസിലിൽനിന്നിറങ്ങിപ്പോയി. വഞ്ചിക്കടവ് പഴയ പാലത്തിനു കിഴക്കുഭാഗത്തുള്ള ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അജൻഡയിലാണ് അഴിമതിയാരോപിച്ച് പ്രതിപക്ഷകൗൺസിലർമാർ ഇറങ്ങിപ്പോയത്. ഭൂമാഫിയാ ഏജന്റായി നഗരസഭാചെയർമാൻ പ്രവർത്തിക്കുന്നെന്നും യു.ഡി.എഫ്. ആരോപിച്ചു.

സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള, തീരദേശ പരിപാലനനിയമത്തിന്റെ പരിധിയിൽ വരുന്ന ഒൻപതുസെന്റ് ഭൂമി നഗരസഭയുടെ ആവശ്യങ്ങൾക്കായി ഏറ്റെടുക്കാനെന്നു കാണിച്ചാണ് അജൻഡയിൽ ഉൾപ്പെടുത്തിയത്.

സെന്റിന് 15 ലക്ഷം രൂപ നിരക്കിൽ ഒൻപതുസെന്റ് വിട്ടുനൽകാൻ ഉടമ സമ്മതപത്രം നൽകിയതായാണ് അജൻഡയിൽ പറയുന്നത്. ഇതനുസരിച്ച് ഭൂമിയേറ്റെടുക്കാനുള്ള നടപടികൾക്ക് കൗൺസിലിന്റെ അംഗീകാരം തേടുകയായിരുന്നു.

എന്നാൽ, ഭൂമിയേറ്റെടുക്കുന്നതിന്റെ കൃത്യമായ ആവശ്യം, പദ്ധതിയുടെ വിശദാംശങ്ങൾ, ഭൂമിയുടെ വിലനിർണയം, നഷ്ടപരിഹാരത്തുക, ഫണ്ടിന്റെ ലഭ്യത തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താതെയുള്ളതാണ് അജൻഡയെന്നാണ് യു.ഡി.എഫിന്റെ ആരോപണം.

വിഷയത്തിൽ വ്യക്തതയും വിശദീകരണവും വേണമെന്ന് യു.ഡി.എഫ്. ആവശ്യപ്പെട്ടു.

എന്നാൽ, അജൻഡ പാസാക്കുമെന്ന നിലപാടിൽ ചെയർമാൻ എ.എച്ച്. അക്ബർ ഉറച്ചുനിന്നതോടെ പ്രതിപക്ഷനേതാവ് സി.എ. ഗോപപ്രതാപന്റെ നേതൃത്വത്തിൽ കൗൺസിലർമാരായ ആരിഫ് പാലയൂർ, വി.ജെ. ജോയ്സി‌, ആസിഫ് പാലയൂർ, സുജാതാ സത്യൻ, ശർമിളാ സത്താർ, ടി.എം. ഷാജി, സീനാ നൗഷാദ്, ഫെബീനാ നൗഷാദ്, സനൂപ്, ബ്രിജിതാ പ്രദീപ്, തനുജാ ഷാഫി എന്നീ യു.ഡി.എഫ്. അംഗങ്ങൾ കൗൺസിലിൽനിന്ന്‌ ഇറങ്ങിപ്പോകുകയായിരുന്നു.

തുടർന്ന് അജൻഡയിലെ ക്രമക്കേടുകളും എതിർപ്പുകളും ചൂണ്ടിക്കാട്ടിയുള്ള വിയോജനക്കുറിപ്പ് അംഗങ്ങൾ നഗരസഭാ സെക്രട്ടറിക്ക് കൈമാറി.

വികസനത്തിന്‌ യു.ഡി.എഫ്. തുരങ്കംവയ്‌ക്കുന്നു

നഗരസഭയുടെ പുതിയ മത്സ്യ-മാംസ മാർക്കറ്റ് പദ്ധതിയെ അടിസ്ഥാനരഹിത ആരോപണങ്ങളുന്നയിച്ച് അട്ടിമറിക്കാനാണ് ശ്രമം. ടൗണിൽ അനുയോജ്യമായൊരു മത്സ്യ-മാംസ മാർക്കറ്റില്ലാത്തത് നഗരസഭ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. ഭൂമിയുടെ വില നിശ്ചയിക്കുന്നത് നഗരസഭയോ സ്ഥലമുടമയോ അല്ല. കളക്ടർ നിയോഗിക്കുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ സമിതിയാണ് നിലവിലെ ന്യായവില കണക്കാക്കിനിശ്ചയിക്കുന്നത്.

എ.എച്ച്. അക്ബർ (നഗരസഭാ ചെയർമാൻ)

ഭൂമിയേറ്റെടുക്കലിൽ സുതാര്യതയില്ല

നഗരസഭയുടെ പണം ചെലവഴിച്ച് ഭൂമിയേറ്റെടുക്കുന്ന വിഷയത്തിൽ സുതാര്യത ഉറപ്പാക്കണം. പൊതുതാത്‌പര്യം മുൻനിർത്തിയുള്ള നടപടികൾ മാത്രമേ സ്വീകരിക്കാവൂ. നഗരസഭയ്ക്ക് ഭൂമി ആവശ്യമുണ്ടെന്നു കാണിച്ച് പത്രപ്പരസ്യം നൽകിയാൽ നഗരസഭയ്ക്കു സമീപം ഒട്ടേറെ ഭൂമി വിട്ടുനൽകാൻ സാധ്യതയുണ്ട്. ഇങ്ങനെയിരിക്കെ ഒരു വ്യക്തിയിൽനിന്നു മാത്രം തീരദേശപരിപാലന നിയമത്തിന്റെ പരിധിയിൽ വരുന്ന ഭൂമിയുടെ സമ്മതപത്രം വാങ്ങി ഭൂമിയേറ്റെടുക്കുന്നതിൽ അഴിമതിയുണ്ട്.

സി.എ. ഗോപപ്രതാപൻ (നഗരസഭാ പ്രതിപക്ഷനേതാവ്)