സംയോജിത പൊതുജനാരോഗ്യലാബും ജില്ലാ വാക്സിൻ - കുടുംബക്ഷേമസ്റ്റോറും ഉദ്ഘാടനം ചെയ്തു

To advertise here,

തൃശ്ശൂർ : സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്കുകളിലും സേവനങ്ങളിലും അനാവശ്യമായ തുക ഈടാക്കുന്നതു തടയാൻ കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുമെന്ന് മന്ത്രി കെ. മുരളീധരൻ. പടിഞ്ഞാറേക്കോട്ടയിൽ നിർമാണം പൂർത്തിയായ സംയോജിത പൊതുജനാരോഗ്യലാബിന്റെയും ജില്ലാ വാക്സിൻ–കുടുംബക്ഷേമസ്റ്റോറിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇവ പരിശോധിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. സർക്കാരിന്റെ നിബന്ധനകൾ പാലിച്ചു മാത്രമേ സ്വകാര്യസ്ഥാപനങ്ങൾക്ക് മുന്നോട്ടുപോകാനാകൂ. സ്വകാര്യമേഖല ആരോഗ്യരംഗത്ത് ചെയ്യുന്ന സേവനങ്ങളെ ബഹുമാനിക്കുന്നതായും ചില സ്വകാര്യസ്ഥാപനങ്ങൾ തോന്നിയപോലെ മുറിവാടക ഈടാക്കുന്നതും മരുന്നുവില കൂട്ടി നൽകുന്നതും അനുവദിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

രാജൻ ജെ. പല്ലൻ എം.എൽ.എ. അധ്യക്ഷനായി. മേയർ ഡോ. നിജി ജസ്റ്റിൻ, കളക്ടർ ശിഖാ സുരേന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എം. സുജാത, ജില്ലാ സർവേലൻസ് ഓഫീസർ ഡോ. കെ.വി. ഗീത, കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീനാ ചന്ദ്രൻ, കൗൺസിലർ വിഭിതാ വാസു, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. ഷീജ എൻ.എ., ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. നിർമൽ തുടങ്ങിയവർ പ്രസംഗിച്ചു.

പദ്ധതികളുടെ സവിശേഷതകൾ

എൻ.എച്ച്.എം. ഫണ്ടിൽനിന്ന് രണ്ടുകോടി രൂപ ചെലവഴിച്ച് 415 ചതുരശ്രമീറ്ററിൽ നിർമിച്ച മൂന്നുനിലക്കെട്ടിടത്തിലാണ് ജില്ലാ വാക്സിൻ, കുടുംബക്ഷേമ സ്റ്റോർ പ്രവർത്തിക്കുന്നത്. ഒപ്പം 1.25 കോടി രൂപ ചെലവിൽ ബയോ സേഫ്റ്റി ലെവൽ-2 മാനദണ്ഡങ്ങൾ പാലിച്ചാണ് സംയോജിത പൊതുജനാരോഗ്യ ലാബ് സ്ഥാപിച്ചിരിക്കുന്നത്.

* 20-ഓളം ഡീപ്ഫ്രീസറുകൾ ഉൾപ്പെടുന്ന കോൾഡ്ചെയിൻ വർക്ക്ഷോപ്പ്, ജനറേറ്റർസൗകര്യം, ആവശ്യത്തിന് ഗുളികകളും മരുന്നുകളും സൂക്ഷിക്കുന്നതിനുള്ള വിപുലമായ സ്റ്റോറേജ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.

* ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പ്രതിരോധകുത്തിവെപ്പുകൾ, വിറ്റാമിൻ, അയേൺ ഗുളികകൾ, പോളിയോ, മീസിൽസ് തുടങ്ങിയ വിപുലമായ രോഗപ്രതിരോധപ്രചാരണങ്ങൾക്കുള്ള വാക്സിനുകൾ എന്നിവ സുരക്ഷിതമായി സംഭരിക്കാനും തടസ്സമില്ലാതെ വിതരണം ചെയ്യാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.