തിരുവല്ല : ഓണക്കൃഷി പ്രളയംകവർന്ന നാട്ടിൽ പ്രതീക്ഷയുടെ വിത്തിട്ട് കർഷകർ. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഉടൻ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നവർ വായ്പയെടുത്ത് അടുത്ത കൃഷിക്കിറങ്ങി. കുറ്റൂർ പഞ്ചായത്തിലെ കർഷകരാണ് അടുത്ത സീസണിലേക്കുള്ള പച്ചക്കറി- കിഴങ്ങുവർഗ കൃഷികൾക്ക് തുടക്കംകുറിച്ചത്.

To advertise here,

ഒൻപതാം വാർഡിൽ തൈമറവുംകര തോട്ടത്തിൽ ടി.എ. സ്‌കറിയയ്ക്ക് ഓഗസ്റ്റ് ആദ്യമുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ടുലക്ഷത്തിലധികം രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. ഓണക്കാലം ലക്ഷ്യമിട്ട് പാവലും പയറും വെള്ളരിയുമടക്കം കൃഷിചെയ്തിരുന്നു. വരട്ടാർ കവിഞ്ഞെത്തിയ പ്രളയജലം സർവതും മുക്കി.

തൈമറവുംകര കളിയിക്കാമലയിൽ എൻ. ഗോപിയുടെ വാഴയും കപ്പയും വെള്ളരിയും പാവലും പടവലവും കുക്കുമ്പറും അടങ്ങുന്ന പച്ചക്കറികൾ സമൃദ്ധമായി വിളഞ്ഞ് വിളവെടുക്കാൻ പാകമായപ്പോഴാണ് പ്രളയമെത്തിയത്. നാലുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി.

പതിനാലാംവയസ്സിൽ കൃഷി ആരംഭിച്ചതാണ് സ്‌കറിയ. 77-ാം വയസ്സിലും കൃഷിവിട്ടില്ല. പ്രധാന വരുമാനമാർഗവും അതുതന്നെ. പ്രളയംമുക്കിയ പുരയിടത്തിൽ വീണ്ടും പന്തലിട്ട് പയറും പടവലവും വളർത്തിത്തുടങ്ങി. തുലാവർഷം ചതിക്കില്ലെന്ന പ്രതീക്ഷയിലാണ് വീണ്ടും പച്ചക്കറി തുടങ്ങിയത്. കഴിഞ്ഞവർഷംവരെ കൃഷിക്കായി പന്തൽ നിർമിക്കുന്നതിന് മുളകളാണ് ഉപയോഗിച്ചിരുന്നത്. വെള്ളപ്പൊക്കത്തിൽ ഇവ പാടെ നശിക്കുന്ന സാഹചര്യം വന്നതോടെ ഇക്കുറി ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച് ഇരുമ്പുപൈപ്പുകൾ ഉപയോഗിച്ചാണ് പന്തൽ നിർമിച്ചിരിക്കുന്നത്.

പ്രളയത്തിലെ കാർഷികനഷ്ടത്തിന്റെ ധനസഹായത്തിന് കൃഷിഭവൻ വഴി അപേക്ഷിച്ചെങ്കിലും സ്‌കറിയയ്ക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ല. കഴിഞ്ഞ 10 വർഷമായി കൃഷിരംഗത്തുള്ള ഗോപിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. പാട്ടത്തിന് എടുത്ത ഒരേക്കർ ഭൂമിയിലാണ് ഗോപി, വാഴ, പാവൽ എന്നീ കൃഷികളിറക്കിയത്.

വിളവെടുക്കാൻ പാകമായ 800-ഓളം ഏത്തവാഴയും 300 മൂടോളം പടവലവും പ്രളയംകൊണ്ടുപോയി. കുറ്റൂർ പഞ്ചായത്തിൽതന്നെയുള്ള കർഷകരായ രഘുനാഥപിള്ള, ജേക്കബ് തോമസ്, രഘു എന്നിവരുടെയും പച്ചക്കറികളും ഏത്തവാഴയുമടക്കം പ്രളയത്തിൽ നശിച്ചിരുന്നു.

കൃഷിനാശം സംബന്ധിച്ച റിപ്പോർട്ടുകൾ മേലധികാരികൾക്ക് യഥാസമയം നൽകിയിട്ടുണ്ടെന്നും വൈകാതെ സർക്കാർ സഹായം ലഭിക്കുമെന്നും കൃഷിഭവൻ അധികൃതർ വ്യക്തമാക്കി.