ഗാനഗന്ധർവന്റെ ആദ്യഗാനത്തിന് സാക്ഷി

To advertise here,

അന്തിക്കാട്: ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ ആദ്യത്തെ സിനിമാഗാനത്തിന് സാക്ഷിയായ മാങ്ങാട്ടുകര വഴിയമ്പലം ഇനിയും തണലാകും. വഴിയാത്രക്കാരുടെ തണലോർമകളും പാട്ടോർമകളും ഇഴചേർന്ന ചരിത്രസ്മാരകമായ വഴിയമ്പലം പുതുക്കിപ്പണിതു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള മാങ്ങാട്ടുകര വഴിയമ്പലം പ്രദേശത്തിന്റെ സാമൂഹിക-സാംസ്‌കാരിക പാരമ്പര്യത്തിന്റെ ജീവിക്കുന്ന അടയാളമാണ്.

അന്തിക്കാട് റോഡ് വികസിക്കുന്നതിനുമുൻപ്, വയലുകൾക്ക് നടുവിലൂടെയുള്ള നടവരമ്പിലൂടെ ദൂരദേശങ്ങളിൽനിന്നെത്തുന്ന വ്യാപാരികൾക്കും യാത്രക്കാർക്കും തണലേകാനാണ് തൊപ്പിയിൽ വേലുക്കുട്ടിയുടെ നേതൃത്വത്തിൽ ഈ വഴിയമ്പലവും കൽക്കിണറും പടുത്തുയർത്തിയത്. വഴിയാത്രക്കാർക്കായി കൊച്ചത്ത് കുഞ്ഞുണ്ണിമ്മാൻ പ്രതിഫലേച്ഛയില്ലാതെ ദിനംപ്രതി മോര് വിതരണം ചെയ്തിരുന്നു. നാടക-സിനിമാപ്രതിഭ പി.ജെ. ആന്റണിയും സുഹൃത്തുക്കളും ഒത്തുകൂടിയിരുന്ന പ്രധാന താവളമായിരുന്നു ഇവിടം. സിനിമാ നിർമാതാവ് ആർ. നമ്പിയത്തിന്റെ 'കാൽപ്പാടുകൾ' എന്ന ചിത്രത്തിൽ ആദ്യമായി പാടാൻ അവസരം തേടിയെത്തിയ കെ.ജെ. യേശുദാസ് വിശ്രമിച്ചതും ഈ വഴിയമ്പലത്തിലായിരുന്നു. ശ്രീനാരായണഗുരുവിന്റെ വിഖ്യാതമായ 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും...' എന്ന എന്ന വരികളാണ് അദ്ദേഹം ചിത്രത്തിൽ ആദ്യമായി പാടിയത്.

അന്തിക്കാട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി. മിഥുൻ നവീകരിച്ച വഴിയമ്പലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബാബുകുമാർ ഞാറ്റുവെട്ടി അധ്യക്ഷനായി. അന്തിക്കാട് എക്സൈസ് ഇൻസ്പെക്ടർ സനൽ 'ലഹരിവിരുദ്ധസമൂഹം' എന്ന വിഷയത്തിൽ സന്ദേശം നൽകി. സുഗതൻ തൊപ്പിയിലിനെ ചടങ്ങിൽ ആദരിച്ചു. ഹിജു കരിക്കന്ത്ര, പ്രസാദ് മാങ്ങാട്ടുകര, ഷാജി പൊലിയേടത്ത്, ടോണി അത്താണിക്കൽ, വർഗീസ് ഡെക്കോറ, വിജയൻ നമ്പിയത്ത് എന്നിവർ പ്രസംഗിച്ചു. സമർപ്പണച്ചടങ്ങിന്റെ ഭാഗമായി 'പാട്ടുരാവ്' സംഗീതസന്ധ്യയും അരങ്ങേറി.