വിപണനമേളക്കാർ പൊളിച്ചുമാറ്റിയില്ല; ഇടത്താവളത്തിലെ മുന്നൊരുക്കങ്ങൾക്ക് തടസ്സം

To advertise here,

പത്തനംതിട്ട : ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുൻപായി എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ട ഇടത്താവളത്തിൽ തലവേദനയായി താജ്മഹലിന്റെ മാതൃകയും പന്തലും. മാസങ്ങൾക്കുമുൻപ് പത്തനംതിട്ട ഇടത്താവളത്തിൽ ഫെസ്റ്റ് നടത്താനായി വിപണനമേളക്കാർ കെട്ടിയുയർത്തിയ താജ്മഹലിന്റെ മാതൃകയും പന്തലും ഇതുവരെയും പൊളിച്ചുമാറ്റിയിട്ടില്ല. ഫെസ്റ്റ് ഒരുമാസംമാത്രമേ നടന്നുള്ളൂ. എന്നാൽ വാടക ഇനത്തിൽ വലിയ തുക നടത്തിപ്പുകാർ നഗരസഭയ്ക്ക് നൽകാനുണ്ട്. പ്രതിദിനം 7,000 രൂപയും ജി.എസ്.ടി.യുമാണ് നഗരസഭ വാടക നിശ്ചയിച്ചത്. ഫെസ്റ്റ് നടക്കാത്ത ദിവസത്തെ വാടക ഒഴിവാക്കിക്കിട്ടണമെന്നാവശ്യപ്പെട്ട് നടത്തിപ്പുകാർ കോടതിയെ സമീപിച്ചു. ഇതോടെ താജ്മഹൽ മാതൃകയും പന്തലും ഒന്നും ചെയ്യാൻ പറ്റാത്തവിധം ഇടത്താവളത്തിൽ തുടർന്നു. കോടതിയുടെ തീരുമാനം അനുസരിച്ചാവും തുടർന്നുള്ള കാര്യങ്ങൾ. ഇടത്താവളത്തിന്റെ വലിയൊരു ഭാഗവും ഫെസ്റ്റുമായി ബന്ധപ്പെട്ട് നിർമിച്ചവ കൈയടക്കിയിരിക്കുകയാണ്.

ഇടത്താവളത്തിൽ എത്തുന്ന അയ്യപ്പഭക്തർക്ക് ശുദ്ധജലം, അന്നദാനസൗകര്യം, വിരിവെക്കാനുള്ള സൗകര്യം, വിശാലമായ വാഹന പാർക്കിങ്, ഭക്തർക്ക് സ്വയം പാചകം ചെയ്യാനുള്ള പ്രത്യേക സൗകര്യം എന്നിവ ഒരുക്കണമെന്ന് കഴിഞ്ഞദിവസം ദേവസ്വംമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനമായിരുന്നു.

അതേസമയം, ഇതുവരെയായിട്ടും നഗരസഭയുടെ ഇടത്താവളത്തിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ്. കൗൺസിലംഗങ്ങൾ ആരോപിച്ചു. പി.കെ. അനീഷ്, ശോഭ കെ.മാത്യു, ബിജിമോൾ മാത്യു, എം.എൻ.വിജയരാജൻ, പി.ഡി.അമ്മിണി, ജോജി ശാമുവേൽ, അൻസിൽ അന്നമ്മദ്, അജിൻ വർഗീസ് എന്നിവർ തിങ്കളാഴ്ച ഇടത്താവളം സന്ദർശിച്ചു. ഈ വിഷയങ്ങളെല്ലാം ചൊവ്വാഴ്ച ചേരുന്ന അടിയന്തര കൗൺസിൽ യോഗത്തിൽ ചർച്ചയാകും.

അടുത്തയാഴ്ച പണികൾ തുടങ്ങും

ഇടത്താവളത്തിൽ മണ്ഡലകാലത്തിനുമുൻപ് എല്ലാ സൗകര്യങ്ങളും ഒരുക്കും. അടുത്താഴ്ചയോടെ പണികൾ ആരംഭിക്കും. പ്രധാനറോഡിൽനിന്ന് ഇടത്താവളത്തിലേക്ക് പോകുന്ന ഭാഗം കോൺക്രീറ്റ് ചെയ്യേണ്ടതുണ്ട്. കുടിവെള്ളം, വൈദ്യുതി, വിരിവെക്കാനുള്ള സൗകര്യം എന്നിവയും സജ്ജമാക്കും. താജ്മഹൽ മാതൃകയും പന്തലും പൊളിമാറ്റുന്നതിന് നടപടിയുണ്ടാകും.

-സിന്ധു അനിൽ

(നഗരസഭാ ചെയർപേഴ്സൺ)

ഇടത്താവളം കാടുപിടിച്ചു

നഗരസഭയുടെ ഇടത്താവളം കാടുപിടിച്ചുകിടക്കുകയാണ്. ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ കഴിഞ്ഞിട്ടില്ല. കുടിവെള്ളവിതരണം നടത്തുന്നതിനായി പ്രാഥമിക നടപടികൾപോലും ആരംഭിച്ചിട്ടില്ല. പാർക്കിങ് സൗകര്യം ഉൾപ്പെടെ ഒരുക്കാനുണ്ട്. വിപണനമേളക്കാർ നിർമിച്ച പന്തൽ പൊളിച്ചുമാറ്റാത്തത് ഇടത്താവളത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അടിയന്തരമായി പന്തൽ പൊളിച്ചുമാറ്റണം.

- പി.കെ.അനീഷ്

(എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ)