അരിപ്പാലം : പൂമംഗലം ഗ്രാമപ്പഞ്ചായത്തിലെ ഗവ. ആയുർവേദാശുപത്രി മാറ്റി സ്ഥാപിക്കുന്നു. നിലവിൽ തോപ്പിൽ പ്രവർത്തിക്കുന്ന ആശുപത്രി ചേലൂർ-അരിപ്പാലം റോഡിൽ പണിക്കാട്ടിൽ ഭുവനേശ്വരി ക്ഷേത്രത്തിന് സമീപമുള്ള പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്കാണ് മാറ്റുന്നത്. ഇതിനുള്ള അനുമതിക്കായി ആശുപത്രി അധികൃതർ ഡി.എം.ഒ.യ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഈ മാസം തന്നെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ് പഞ്ചായത്ത് അധികൃതരുടെ തീരുമാനം.

To advertise here,

 

ഇതിന്റെ ഭാഗമായി പഴയ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ആയുർവേദാശുപത്രിയുടെ ബോർഡ് സ്ഥാപിച്ചുകഴിഞ്ഞു. നിലവിൽ ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടം സബ്‌സെന്ററാക്കി മാറ്റാനാണ് തീരുമാനം.

2008-ൽ പഞ്ചായത്ത് അഞ്ചാം വാർഡിൽ ജോജി ജോസഫ് കാരാത്രയുടെ സ്മരണാർഥം പിതാവ് കെ.പി. ജോസഫ് സൗജന്യമായി നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് ആയുർവേദാശുപത്രി ആരംഭിച്ചത്.

അന്നത്തെ എം.എൽ.എ. തോമസ് ഉണ്ണിയാടന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമിച്ച ഈ കെട്ടിടം മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് 2018-ൽ ആശുപത്രിക്ക് മുകളിൽ മിനി കോൺഫറൻസ് ഹാളും നിർമിക്കുകയുണ്ടായി. വിവിധ പ്രവർത്തനങ്ങളുമായി മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതിനിടയിലാണ് ആശുപത്രി മാറ്റാനുള്ള നീക്കം നടക്കുന്നത്.

സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ ഭൂമിയിൽ എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് നിർമിച്ച ആശുപത്രി മറ്റൊരിടത്തേക്ക് മാറ്റുന്നതിൽ നാട്ടുകാർക്കിടയിൽ ആശങ്കയുണ്ട്.

സമീപകാലത്ത് ജനപങ്കാളിത്തത്തോടെ ഒരു ലക്ഷം രൂപ ചെലവഴിച്ച് ആശുപത്രിയിലേക്കുള്ള റോഡ് വീതികൂട്ടിയിരുന്നു. ഇത്രയധികം സൗകര്യങ്ങൾ ഒരുക്കി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആശുപത്രി പഴയ കെട്ടിടത്തിലേക്ക് മാറ്റുന്നത് ശരിയായ നടപടിയല്ലെന്നാണ് വാദം.

എന്നാൽ, ആശുപത്രി മാറ്റിയാലും നിലവിലെ കെട്ടിടം അടച്ചുപൂട്ടില്ലെന്നും അവിടെ കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള സബ് സെന്റർ പ്രവർത്തിക്കുമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പറഞ്ഞു. നിലവിൽ പല ഭാഗത്തുനിന്നുമുള്ള രോഗികൾക്ക് ബസിറങ്ങി നടക്കുകയോ, ഓട്ടോറിക്ഷ വിളിക്കുകയോ ചെയ്യേണ്ട അവസ്ഥയാണ്.

പഴയ പഞ്ചായത്ത് കെട്ടിടത്തിന് മുന്നിൽ തന്നെ ബസ് സ്റ്റോപ്പ് ഉള്ളത് രോഗികൾക്ക് വലിയ ആശ്വാസമാകും. മാത്രമല്ല, പഞ്ചായത്ത് കെട്ടിടത്തിൽ കൂടുതൽ സ്ഥലസൗകര്യങ്ങൾ ലഭ്യമാണ്. ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഡി.എം.ഒ. യുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ആശുപത്രി മാറ്റം വേഗത്തിൽ യാഥാർഥ്യമാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേർത്തു.