പുതുക്കാട് : മേൽപ്പാലം തൂണുകളിൽ പണിയണമെന്നാവശ്യപ്പെട്ട് സി.പി.എം. നടത്തിയ മനുഷ്യശൃംഖലയിൽ രണ്ടായിരത്തിലേറെപ്പേർ അണിചേർന്നു. കൊടകര ഏരിയാക്കമ്മിറ്റി ദേശീയപാതയിൽ പുതുക്കാട് പോസ്റ്റ് ഓഫീസ്‌മുതൽ ആമ്പല്ലൂർ മേൽപ്പാലംവരെ മനുഷ്യശൃംഖല തീർത്തു.
പുതുക്കാടിനെ രണ്ടായി വിഭജിക്കുന്ന വിധം രൂപകല്പന ചെയ്ത അടിപ്പാതയ്ക്കു പകരം തൂണുകളിലുള്ള മേൽപ്പാലത്തിനായി കേന്ദ്രമന്ത്രി സുരേഷ്ഗോപി ഇടപെടണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു. പുതുക്കാട് സെന്ററിൽ നടന്ന പൊതുയോഗം കെ.കെ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി.കെ. ശിവരാമൻ അധ്യക്ഷനായി.
ജില്ലാക്കമ്മിറ്റിയംഗം ടി.എ. രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ജെ. ഡിക്സൻ, അമ്പിളി വേണു, ഏരിയക്കമ്മിറ്റിയംഗങ്ങളായ ഇ.കെ. അനൂപ്, സരിതാ രാജേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, പി.ആർ. പ്രസാദൻ, എം.ആർ. രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ദേശീയപാതയിൽ 1.45 കിലോമീറ്റർ വരുന്ന ഭാഗം മണ്ണിട്ടുയർത്തിയാണ് പുതുക്കാട് മേൽപ്പാലം പണിയുന്നത്. ഇതോടെ ആമ്പല്ലൂരിലേതുപോലെ പുതുക്കാട് ടൗണിന് കുറുകെയും ഒരു വൻമതിൽ ഉയരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഇതിനു പരിഹാരമായാണ് മേൽപ്പാലം തൂണുകളിൽ വേണമെന്ന ആവശ്യമുയരുന്നത്.
പുതുക്കാട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക ഗ്രാമസഭ പുതുക്കാട് മേൽപ്പാലത്തിന്റെ രൂപരേഖയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. പുതുക്കാട് ജങ്ഷനിൽ പണി തുടങ്ങിയ മേൽപ്പാലത്തിന്റെ രൂപരേഖ മാറ്റി, മുപ്ലിയം റോഡിൽനിന്ന് ദേശീയപാതയിലേക്ക് നേരിട്ട് പ്രവേശനമൊരുക്കണമെന്നും ഇതിനായി നിലവിലെ ഘടന മാറ്റി മേൽപ്പാലം തൂണുകളിലായി പണിയണമെന്നും ഇതിലൂടെ സ്ഥലസൗകര്യവും പരിസ്ഥിതിസൗഹൃദവും ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ദേശീയപാതയിൽ പുതുക്കാട് മേൽപ്പാലം തൂണുകളിൽ വേണമെന്നാവശ്യപ്പെട്ട് ജനകീയസമിതി നേരത്തേ പ്രക്ഷോഭമാരംഭിച്ചിരുന്നു. കോൺഗ്രസും സി.പി.ഐ.യും ശാസ്ത്ര സാഹിത്യ പരിഷത്തും സമരത്തിലുണ്ട്. ഇതേ ആവശ്യമുന്നയിച്ച് വ്യാപാരികളും നാട്ടുകാരുമായി ചേർന്ന് 'മാതൃഭൂമി' ജനകീയസംവാദം സംഘടിപ്പിച്ചിരുന്നു.
Published: 23 Oct 2026, 02:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented