600 മീറ്റർ റോഡിന് ഇരുവശവും പൂന്തോട്ടം

To advertise here,

തുമ്പൂർ : ചിറയോട് ചേർന്നുള്ള 600 മീറ്റർ റോഡിന്റെ ഇരുവശവും പൂന്തോട്ടമാക്കി വഴിക്കിലിച്ചിറ റെസിഡന്റ്സ് അസോസിയേഷൻ. ഒരു വർഷത്തോളമായി തുടരുന്ന കൂട്ടായ പ്രവർത്തനത്തിലൂടെയാണ് റോഡരികിൽ ഇലച്ചെടികളും പൂച്ചെടികളും നട്ടുപിടിപ്പിച്ച് പാതയ്ക്ക് പുതിയ മുഖം നൽകിയത്.

ചെടികളുടെ പരിപാലനവും അംഗങ്ങൾ കൂട്ടായാണ് നിർവഹിക്കുന്നത്. മാസത്തിലൊരിക്കൽ കളകൾ നീക്കം ചെയ്യുകയും ഇലച്ചെടികളുടെ കൊമ്പുകൾ വെട്ടി വൃത്തിയാക്കുകയും ചെയ്യുന്നുണ്ട്. ഓണത്തിന്റെ ഭാഗമായി മൂന്നുമാസം മുമ്പ് നട്ട ചെണ്ടുമല്ലി ചെടികൾ പൂത്തതോടെ റോഡരികിലെ പൂന്തോട്ടത്തിന് കൂടുതൽ ഭംഗിയായി. സമീപത്തുണ്ടായിരുന്ന ചെറിയ കുളം തൊഴിലുറപ്പ് തൊഴിലാളികൾ കയർവലപ്പായ വിരിച്ച് സംരക്ഷിച്ചതിന് പിന്നാലെ അസോസിയേഷന്റെ നേതൃത്വത്തിൽ താമര നട്ടുപിടിപ്പിച്ച് താമരക്കുളമായും മാറ്റി.

പച്ചപ്പും പൂക്കളും നിറഞ്ഞ റോഡരികിലേക്ക് ഇപ്പോൾ നിരവധി പേർ കാഴ്ചക്കാരായി എത്തുന്നുണ്ട്. രാവിലെയും വൈകീട്ടും നടക്കാനിറങ്ങുന്ന പ്രദേശവാസികളുടെ എണ്ണത്തിലും വർധനയുണ്ടായി. റോഡരികിലെ സൗന്ദര്യവത്‌കരണത്തോടൊപ്പം പ്രദേശത്ത് കൂട്ടായ്മയുടെ അന്തരീക്ഷവും ശക്തിപ്പെടുത്താൻ പദ്ധതിക്ക് കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു.

വേളൂക്കര പഞ്ചായത്തിലെ അഞ്ച്, പന്ത്രണ്ട് വാർഡുകളിൽ നിന്നുള്ളവരാണ് വഴിക്കിലിച്ചിറ റെസിഡന്റ്സ് അസോസിയേഷനിലെ അംഗങ്ങൾ. 300 അംഗങ്ങളുള്ള അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് വർഗീസ് ആന്റണി പ്രസിഡന്റും സൂസൻ പൗലോസ് സെക്രട്ടറിയുമായ 20 അംഗ ഭരണസമിതിയാണ് നേതൃത്വം നൽകുന്നത്.

രണ്ട് വാർഡ് മെമ്പർമാരുടെയും അസോസിയേഷൻ അംഗങ്ങളുടെയും പൂർണ സഹകരണം പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് പ്രസിഡന്റ് വർഗീസ് ആന്റണി പറഞ്ഞു. അസോസിയേഷൻ രൂപവത്കരിച്ച ശേഷം ഓണാഘോഷവും പുതുവത്സരാഘോഷവും നടത്തി വരുന്നു.