പത്തനാപുരം : കല്ലട ജലസേചനപദ്ധതിയുടെ ഉപകനാലുകളും നീർപ്പാലങ്ങളും തകർച്ചയിൽ. മണ്ണും കാടും മൂടി നീരൊഴുക്കു നിലച്ചനിലയിലാണ് മിക്ക ഉപകനാലുകളും. ഉയരമേറിയ നീർപ്പാലങ്ങൾ (ആക്വിഡക്ട്) ചോർന്നൊലിക്കുന്നതും മരങ്ങൾ വളർന്നതുമായ നിലയിലാണ്. തകർച്ച പരിഹരിക്കാത്തതും അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തതുമാണ് നാലരപ്പതിറ്റാണ്ട് പഴക്കമുള്ള ജനകീയപദ്ധതിക്ക് തിരിച്ചടിയായത്.
തെന്മല വലതുകര കനാൽ പിറവന്തൂരും പത്തനാപുരവും പിന്നിട്ട് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുംമുൻപ് ചെറുതും വലുതുമായ ഒട്ടേറെ നീർപ്പാലങ്ങൾ കടന്നാണെത്തുന്നത്. എല്ലാം ചോർന്നൊലിച്ചനിലയിലാണ്. അലിമുക്ക്-അച്ചൻകോവിൽ പാതയിലെ കറവൂർ നീർപ്പാലത്തിൽ കനത്ത ചോർച്ചയാണുള്ളത്. ഭിത്തിയിൽ മരങ്ങൾവളർന്ന് കോൺക്രീറ്റ് പൊട്ടിയും അടർന്നുമുള്ള നിലയിലുമാണ്. വാഴപ്പാറ നീർപ്പാലത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. കനാലിലൂടെ ശക്തമായ ജലപ്രവാഹം ഉണ്ടാകുമ്പോൾ ചോർച്ചയും ശക്തമാകും. താഴെയുള്ള പാതയിലൂടെ ഗതാഗതത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നു. മരങ്ങൾ നീക്കംചെയ്ത് ചോർച്ച അടയ്ക്കുന്ന പ്രവൃത്തികൾ മിക്ക വർഷങ്ങളിലും മുടങ്ങാറാണ് പതിവ്.
പ്രധാന കനാലിൽനിന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളമെത്തിക്കുന്നതിനായി നിർമിച്ച ഉപകനാലുകളും തകർച്ചയിലായിട്ട് വർഷങ്ങളായി. കനാലിന്റെ പല ഭാഗങ്ങളും തകർന്നും കാടുകയറിയും മണ്ണടിഞ്ഞുമുള്ള നിലയിലാണ്. ഇപ്രകാരം തകർച്ചയിലായ ചേകം കനാലിൽ വെള്ളമെത്തിയിട്ട് അഞ്ചുവർഷമായതായി നാട്ടുകാർ പറഞ്ഞു. സംരക്ഷണഭിത്തികൾ തകർന്നതും കനാലിന്റെ അടിത്തട്ടിൽ മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടിയതും നീരൊഴുക്കിനെ ബാധിച്ചു. വർഷങ്ങളായി ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് അവരുടെ പരാതി. ചേകം ഉപകനാലിലൂടെ വെള്ളമൊഴുകാത്തതിനാൽ പ്രദേശത്തെ കർഷകരും നാട്ടുകാരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. വേനൽക്കാലത്ത് നാടിനെ ജലസമൃദ്ധമാക്കാൻ ഉതകുന്നതായിരുന്നു കനാൽ. തകർച്ചയിലായ കനാൽ ഭാഗങ്ങൾ പുനരുദ്ധരിച്ച് വെള്ളമെത്തിക്കുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വേനൽ കടുക്കുമ്പോൾ വെള്ളമില്ലാത്ത കനാലിനെക്കുറിച്ച് ചിന്തിക്കാനാകാത്ത സ്ഥിതിയാണ് കിഴക്കൻ മേഖലയ്ക്ക്. നാട്ടുകാരുടെ ജീവിതവും കൃഷിയുമൊക്കെ കനാലുമായി ബന്ധപ്പെട്ടുകിടക്കുന്നു. മിക്ക ഉപകനാലുകളുടെയും കുറേ ഭാഗത്തെങ്കിലും തടസ്സങ്ങളുണ്ട്.
കനാൽ തുറന്നുവിടുമ്പോൾ നീരൊഴുക്കു തടസ്സപ്പെട്ട് കനാൽകവിഞ്ഞ് ജനവാസമേഖലകൾ വെള്ളത്തിലാകുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. വിണ്ടുകീറിയ ഭിത്തികളിലൂടെ ജലം പാഴാകുന്നതും പതിവുകാഴ്ചയാണ്. അറ്റകുറ്റപ്പണികൾനടത്തി ഈ ജലസേചനസംവിധാനം സംരക്ഷിക്കാൻ അടിയന്തരനടപടി ആവശ്യമാണ്.
Published: 20 Sept 2026, 02:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented