തൃശ്ശൂർ : 2022-ൽ വീട്ടിലെ മരത്തിൽനിന്നുള്ള വീഴ്ചയാണ് 34-കാരനായ ഷിമിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അരയ്ക്കുതാഴേക്ക് തളർന്ന് വീൽച്ചെയറിലായതോടെ വഴികൾ അടഞ്ഞു.
എന്നാൽ, കായികരംഗത്തേക്ക് തിരിഞ്ഞ ഷിമിൻ സംസ്ഥാന വീൽച്ചെയർ ബാസ്കറ്റ്ബോൾ ടീമിലും വീൽച്ചെയർ റഗ്ബി ടീമിലും ഇടം നേടി. വിവിധ മത്സരങ്ങളിൽ സാന്നിധ്യമുറപ്പിച്ചു.
കായികസ്വപ്നങ്ങൾക്ക് കൂടുതൽ ശ്രദ്ധ നേടാൻ അമ്പും വില്ലും കൈയിലെടുത്തു. രണ്ടു വർഷമായി തൃശ്ശൂരിലെ ഒളിമ്പിക്ക് ആർച്ചറി അക്കാദമിയിൽ അമ്പെയ്ത്ത് പരിശീലിക്കുകയാണ് ഷിമിൻ.
പാരാ ആർച്ചറിയിൽ ദേശീയവേദികളിൽ മത്സരിച്ച് അവിടെനിന്ന് മുന്നേറുകയാണ് സ്വപ്നം. കൊച്ചിയിൽ നടക്കുന്ന എട്ടാമത് പാരാ ആർച്ചറി ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. ദേശീയ മത്സരത്തിലെ പ്രകടനത്തിലൂടെ തുടർന്നുള്ള അവസരങ്ങൾ സ്വന്തമാക്കാനായാൽ ഏഷ്യൻ പാരാഗെയിംസ്, പാരാലിമ്പിക്സ് തുടങ്ങിയ വലിയ വേദികളിലേക്കുള്ള വാതിലുകൾ തുറക്കും.
പക്ഷേ, ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഷിമിനു മുന്നിലുള്ള ഏറ്റവും വലിയ തടസ്സം സാമ്പത്തികപരിമിതിയാണ്. മത്സരത്തിനാവശ്യമായ ‘കോമ്പൗണ്ട് ബോ’ സ്വന്തമാക്കാൻ കഴിയാത്ത അവസ്ഥ. ഭിന്നശേഷി പെൻഷൻ 2,000 രൂപ മാത്രമാണ് ഷിമിന്റെ വരുമാനം.
ഏകദേശം രണ്ടു ലക്ഷം രൂപ വിലവരുന്ന കോമ്പൗണ്ട് ബോ സ്വന്തമാക്കാൻ സ്പോൺസറുടെ സഹായം ലഭിച്ചാൽ ദേശീയ മത്സരത്തിൽ പങ്കെടുക്കാനും തുടർന്നുള്ള മത്സരങ്ങളിലേക്ക് തയ്യാറെടുക്കാനും കഴിയും.
ഷിമിന്റെ സ്വപ്നത്തിന് ഒപ്പംനിൽക്കുന്നത് ഒളിമ്പിക് ആർച്ചറി അക്കാദമി ചീഫ് കോച്ച് എൻ.എം. ഭാഗ്യനാഥാണ്. പാരാ ആർച്ചറിയിൽ പരിശീലനത്തിനെത്തുന്നവർക്ക് സൗജന്യപരിശീലനം നൽകുകയാണ് ഭാഗ്യനാഥ്.
തൃശ്ശൂർ സ്വദേശിയായ ഷിമിൻ ഇപ്പോൾ കൂർക്കഞ്ചേരി വടൂക്കരയിലെ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. തൃശ്ശൂർ സ്വദേശികളായ മാത്യു, എൽസി എന്നിവരുടെ മകനാണ്.
Published: 19 Sept 2026, 01:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented