കണക്കൻകടവിലെ സ്ഥിരം തടയണ തകർന്നുതന്നെ

To advertise here,

മാള : ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നപ്പോൾ കണക്കൻകടവിലെ തകർന്ന ഷട്ടറിലൂടെ ഉപ്പുവെള്ളം കയറുന്നു. കുടിവെള്ളത്തെയും ജലസേചനത്തെയും ബാധിക്കുന്ന നിലയിലേക്ക് ഉപ്പുവെള്ളം മാറിത്തുടങ്ങിയിട്ടുണ്ട്.

വേലിയേറ്റസമയത്ത് കായലിൽനിന്ന് പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നുണ്ട്. ഉയർത്താനും താഴ്ത്താനും കഴിയാത്ത ഷട്ടറുകളാണ് ഇവിടെയുള്ളത്. പുഴയിലെ വെള്ളം ഒഴികിത്തീർന്ന ഘട്ടത്തിലാണ് ഉപ്പുവെള്ളം കയറാൻ തുടങ്ങിയിട്ടുള്ളത്. ഒന്നര മാസം മുൻപ് പുഴയിലെ ജലനിരപ്പുയർന്നപ്പോൾ ഷട്ടറുകൾ തകർന്നത് വെള്ളക്കെട്ടൊഴിവാക്കാൻ സഹായകരമായിരുന്നു. അന്ന് മന്ത്രി ഒ.ജെ. ജനീഷിനൊപ്പം ഇവിടം സന്ദർശിച്ച ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ വിഷയത്തിൽ ഇടപെടുമെന്ന് ഉറപ്പുനൽകിയിരുന്നു.

ഷട്ടറുകൾ തകർന്നുകിടക്കുന്നത് എറണാകുളം ജില്ലയിലാണെങ്കിലും അതിന്റെ ദുരിതം അനുഭവിക്കുന്നത് തൃശ്ശൂർ ജില്ലയിലെ പൊയ്യ, കുഴൂർ, അന്നമനട പഞ്ചായത്ത് പ്രദേശങ്ങളാണ്. പൊയ്യ, കുഴൂർ പഞ്ചായത്തുകളിലെ കുടിവെള്ളത്തെയും ജലസേചനത്തെയും വളരെ വേഗത്തിൽ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ്.

സാധാരണ വർഷങ്ങളിൽ ഉപ്പുവെള്ളം കയറാതിരിക്കാൻ നവംബറിൽ താത്കാലിക മണൽത്തടയണ നിർമിക്കുന്നതാണ് പതിവ്. കണക്കൻകടവിൽ 1999-ൽ ഷട്ടറുകൾ നിർമാണം നടത്തിയപ്പോൾത്തന്നെ ചോർച്ചയുണ്ടായിരുന്നു.

ആദ്യ അഞ്ചുവർഷം ഷട്ടറിലെ ചോർച്ച തടയുന്നതിന് മണൽ നിറച്ച ചാക്കുകളാണ് ഉപയോഗിച്ചിരുന്നത്. ഈ ശ്രമം വിജയിക്കാതെവന്നപ്പോഴാണ് താത്കാലിക മണൽത്തടയണ നിർമാണം ആരംഭിച്ചത്. സ്ഥിരം ഷട്ടറിൽനിന്ന് 750 മീറ്ററോളം മാറി കോഴിത്തുരുത്ത് ഭാഗത്താണ് ഡ്രെജ്ജിങ് നടത്തി തടയണ നിർമിക്കാറുള്ളത്.