ശാസ്താംകോട്ട : മണ്ണുമാന്തി ഉപയോഗിച്ചു നടത്തിയ പുല്ലുനീക്കംചെയ്യലും നിരപ്പാക്കലും ശാസ്താംകോട്ട കോളേജ് സ്റ്റേഡിയത്തെ വെള്ളക്കെട്ടാക്കി. കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിവിടുന്നതിനായി എടുത്ത വലിയ ചാലുകൾവഴി സ്റ്റേഡിയത്തിലെ മണ്ണും മലിനവസ്തുക്കളും ഒഴുകി തടാകത്തിലേക്കെത്താനും തുടങ്ങി. വലിയതോതിൽ മണ്ണ് ഒലിച്ചുപോകുന്നതിനാൽ തെക്കേയറ്റത്ത് കുളംപോലെയായി. വെള്ളം കെട്ടിനിന്ന് ചെളിയുമായി.

To advertise here,

ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ 1987-ലാണ് രണ്ടേക്കറിലധികം വ്യാപിച്ചുകിടക്കുന്ന സ്റ്റേഡിയം പ്രവർത്തനം തുടങ്ങിയത്. നിലവിൽ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിന്റെ ഉടമസ്ഥതയിലാണ്. അതിനാൽ നിർമാണപ്രവൃത്തികൾ നടത്തണമെങ്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതി ആവശ്യമാണ്. എന്നാൽ ബോർഡിന്റെ അനുമതിയില്ലാതെയാണ് നിരപ്പാക്കാൽ നടത്തിയിരിക്കുന്നത്.

പത്തുദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിനായി ജില്ലാ ക്രിക്കറ്റ് അസോസിയേഷനാണ് മൈതാനം മണ്ണുമാന്തി ഉപയോഗിച്ച് പുല്ല് വലിച്ചുമാറ്റി നിരപ്പാക്കിയതെന്നാണ് കോളേജ് അധികൃതർ അറിയിച്ചത്. പുല്ല് വളർന്നുകിടന്ന ഭാഗം വൃത്തിയാക്കുന്നതിനാണ് അനുമതി നൽകിയതെന്നും അവർ അറിയിച്ചു. എന്നാൽ മണ്ണുൾപ്പെടെ മാറ്റിയതിനാലാണ് ഇടവിട്ട് കുഴിയും വെള്ളക്കെട്ടുമായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ സ്റ്റേഡിയത്തിന്റെ നല്ലൊരുഭാഗവും വെള്ളത്തിൽ മുങ്ങി.

ദിവസങ്ങളായി സ്കൂൾ ഉപജില്ലാതല കായികമത്സരങ്ങൾ നടക്കുകയാണ്. കളിക്കിടെ ക്രിക്കറ്റ്, ഫുട്‌ബോൾ പന്തുകൾ തെറിച്ച് വെള്ളക്കെട്ടിൽ വീഴുന്ന സ്ഥിതിയാണ്. അത് കളിക്കാർക്ക് ബുദ്ധിമുട്ടായി. വെള്ളം കെട്ടിനിൽക്കുന്നത് പ്രഭാതനടത്തക്കാരെയും ദുരിതത്തിലാക്കി. ജില്ലയിലെ വിശാലമായ സ്റ്റേഡിയമായിട്ടും വികസനപ്രവർത്തനങ്ങളൊന്നും ബോർഡിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുമില്ല. നിലവിൽ സ്റ്റേഡിയത്തിന് ഒരു തരത്തിലുള്ള സംരക്ഷണവുമില്ല.