പഞ്ചായത്തംഗം ജാതി അധിക്ഷേപം നടത്തിയ സംഭവം

To advertise here,

ഏലപ്പാറ : പിന്നാക്ക വിഭാഗത്തിൽപ്പെട്ട വീട്ടമ്മയെയും കുടുംബാംഗങ്ങളെയും പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ജാതീയമായി അധിക്ഷേപിച്ച കോൺഗ്രസ് പഞ്ചായത്തംഗം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി പ്രതിഷേധ സമരം നടത്തി.

ഏലപ്പാറ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ജിഷാ ജോസഫ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പട്ടികജാതി ക്ഷേമസമിതി ഏലപ്പാറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.

കാർഷിക വികസനബാങ്ക് പരിസരത്തുനിന്ന്‌ തുടങ്ങിയ പ്രകടനം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.

സമരം പി.കെ.എസ്. ജില്ലാ പ്രസിഡന്റ് വി.പി. സുരേഷ് ഉദ്ഘാടനം ചെയ്തു.

സി.പി.എം. ഏരിയാ സെക്രട്ടറി എം.ടി. സജി, ലോക്കൽ സെക്രട്ടറിമാരായ സി. സിൽവെസ്റ്റർ, എസ്. അനിൽകുമാർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ആന്റപ്പൻ ജേക്കബ്, നിശാന്ത് വി.ചന്ദ്രൻ, പി.കെ.എസ്. ജില്ലാ വൈസ് പ്രസിഡന്റ് സരിത സുഭാഷ്, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി പി. പ്രശാന്ത് എന്നിവർ സംസാരിച്ചു.