തൃശ്ശൂർ: ആറടി മണ്ണില്ലാത്തവർക്ക് വിറകുചിതയിൽ അന്ത്യയാത്രയൊരുക്കുന്ന ‘സഞ്ചരിക്കുന്ന’ ചിതാപേടകത്തിന് പേറ്റന്റ് തേടി ഐവർമഠം കൃഷ്ണപ്രസാദ് വാരിയർ. വെള്ളക്കെട്ടിലും സിമന്റുതറയിലും ടൈൽസിലും ടെറസിലുംവരെ ചിതയൊരുക്കാൻ കഴിയുന്ന ഇരുമ്പുപേടകത്തിന് പേറ്റന്റ് കിട്ടാനുള്ള അപേക്ഷയാണ് നൽകിയത്. ലോഹക്കാലിൽ തറയിൽനിന്ന് ഉയർന്നിരിക്കുന്നതിനാൽ മുട്ടോളം വെള്ളത്തിൽവരെ സംസ്കാരം നടത്താം.
ഭാരക്കുറവുള്ള ഈ ചിതാപേടകം ചുമന്നുകൊണ്ടുപോകാൻ പ്രയാസമില്ലെന്നും കൃഷ്ണപ്രസാദ് വാരിയർ പറഞ്ഞു. ഗ്യാസും ബ്ലോവറുമുപയോഗിച്ചാണ് ചിരട്ടയും വിറകും കത്തിക്കുന്നത്. ഒരു മൃതശരീരം കത്തിത്തീരാൻ രണ്ടു മണിക്കൂറോളമെടുക്കും. ഇതുവരെയും നാലു വീടുകളിലാണ് പുതിയരീതിയിൽ ഇദ്ദേഹം ചിതയൊരുക്കിയിട്ടുള്ളത്.
ഗ്യാസും ബ്ലോവറും ഉപയോഗിച്ച് ഇരുമ്പുചട്ടയിൽ സംസ്കാരം നടത്തുന്ന രീതി 15 വർഷംമുൻപ് നടപ്പാക്കിത്തുടങ്ങിയതും ഇലക്‌ട്രീഷ്യൻകൂടിയായ ഇദ്ദേഹമാണ്. കുറഞ്ഞ മണ്ണുള്ളവനും വീടിനോടു ചേർന്നുതന്നെ ചിതയൊരുക്കാനാകുന്ന ഈ മാതൃകയ്ക്ക് നേരത്തേ ഇദ്ദേഹത്തിന് പേറ്റന്റ് ലഭിച്ചിട്ടുണ്ട്.
പാലക്കാട് പുതുപ്പരിയാരം സ്വദേശിയായ കൃഷ്ണപ്രസാദ് വാര്യർ 2002 മുതലാണ് പാമ്പാടി ഐവർമഠത്തിലെ സംസ്കാരകർമങ്ങളിൽ പങ്കാളിയായിത്തുടങ്ങിയത്. 2011-ൽ ഐവർമഠത്തിലെ സംസ്കാരം നാട്ടുകാർക്കു മാത്രമായി പരിമിതപ്പെടുത്തിയപ്പോൾ വീടുകളിൽ നേരിട്ടുചെന്ന് കർമങ്ങൾ ചെയ്തുതുടങ്ങി. വിറക് അടുക്കിവെച്ച് ചിതയൊരുക്കുന്നതിലെ ചെലവു കുറയ്ക്കാനാണ് ഇരുമ്പുചട്ട ഉപയോഗിച്ചുതുടങ്ങിയത്. പിന്നീട് ഇതിൽ ഗ്യാസും ഇലക്‌ട്രിക്ബ്ലോവറും ചേർത്തതോടെ ഏറെ പ്രചാരം ലഭിച്ചു. 2017-ൽ പേറ്റന്റിനപേക്ഷിക്കുകയും 2022-ൽ അനുവദിക്കുകയും ചെയ്തു.
ഒട്ടേറെപ്പേർ തന്റെ കണ്ടുപിടിത്തം ചെറിയ മാറ്റങ്ങളോടെ ഉപയോഗിക്കുന്നതിൽ കൃഷ്ണപ്രസാദ് വാരിയർക്ക് പരാതിയില്ല. 24 വർഷമായി ഈ രംഗത്തുള്ള വാര്യരുടെ നമ്പറിലേക്ക് രാപകൽഭേദമില്ലാതെ വിളിയെത്താറുണ്ട്. വിവിധ ജില്ലകളിലായി എട്ട് ബ്രാഞ്ചുകളും 27 വാഹനങ്ങളും അറുപതിനടുത്ത് ജീവനക്കാരുമുള്ള ‘ഐവർമഠം ടീം’ മാസം അറുനൂറോളം മൃതദേഹങ്ങളാണ് ഇപ്പോൾ സംസ്കരിക്കുന്നത്.
Published: 30 Oct 2026, 03:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented