മോതിരക്കണ്ണി : ആഴ്ചകളുടെ ഇടവേളക്കു ശേഷം വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. മോതിരക്കണ്ണി അമ്മമഠം പരിസരത്തെ വീടുകൾക്കു സമീപമാണ് വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയെത്തിയ കാട്ടാനകൾ കാർഷികവിളകൾ നശിപ്പിച്ചത്. രണ്ട് വലുതും രണ്ട് കുട്ടികളുമുൾപ്പെടുന്ന കൂട്ടമാണ് ജനവാസമേഖലയിലെ വീടുകൾക്കു സമീപമെത്തിയത്.
കരിപ്പായി മേരിയുടെ വീട്ടുപറമ്പിലെ 25 കുലച്ച നേന്ത്രവാഴകൾ, 30 കവുങ്ങ്, തെങ്ങ്, ഏതാനും ചേമ്പ്, ചേന തുടങ്ങിയ കാർഷികവിളകൾ നശിപ്പിച്ചു. ഒരു വർഷം ഇവരുടെ പറമ്പിലെത്തി 50 കുലച്ച നേന്ത്രവാഴകളും 15 കവുങ്ങും നശിപ്പിച്ചിരുന്നു. അയൽവാസി കളത്തി വർഗീസിന്റെ വീട്ടുപറമ്പിലെ 25 കുലച്ച വാഴകളും വെള്ളിയാഴ്ച നശിപ്പിച്ചു. വനംവകുപ്പുദ്യോഗസ്ഥരെത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കാട്ടാനക്കൂട്ടത്തെ മലയിലേക്കു കയറ്റിവിട്ടത്. എന്നാൽ, ഇവയെ ഉൾവനത്തിലേക്കു കയറ്റിവിടാത്തതിനാൽ വീണ്ടും മറ്റൊരു ജനവാസമേഖലയിലേക്കിറങ്ങുന്നതാണ് പതിവ്. സമീപത്തെ മലയിൽനിന്നിറങ്ങുന്ന കാട്ടാനകളാണ് ജനവാസമേഖലയിലേക്കിറങ്ങുന്നത്. വനാതിർത്തിയിൽ സ്ഥാപിച്ച വൈദ്യുതിവേലികൾ മരം മറിച്ചിട്ടാണ് ജനവാസമേഖലയിലേക്ക് പ്രവേശിക്കുന്നത്. എത്രയും വേഗം കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നും ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായ വന്യമൃഗങ്ങളെ വനത്തിനുള്ളിൽ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും പരിയാരം പഞ്ചായത്തംഗം എം.കെ. അംബിക ആവശ്യപ്പെട്ടു.
ഒരാഴ്ച മുൻപ് കോടശ്ശേരി പഞ്ചായത്തിലെ ജനവാസമേഖലകളായ വെട്ടിക്കുഴി, ചൂളക്കടവ്, കോട്ടാമല തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. വനംമന്ത്രിയുടെ നിർദേശപ്രകാരം കാട്ടാനകളെ തുരത്തി ഉൾവനത്തിലാക്കിയതിനെത്തുടർന്ന് ഏതാനും ആഴ്ചകൾ കാട്ടാനശല്യത്തിന് ശമനമുണ്ടായിരുന്നെങ്കിലും വീണ്ടും രൂക്ഷമായ സാഹചര്യമാണ്. ദുർബലമായ ആർ.ആർ.ടി. സംവിധാനം കാര്യക്ഷമമാക്കണമെന്നും രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും മലയോരമേഖലയിലെ കർഷകരും കുടുംബങ്ങളും ആവശ്യപ്പെട്ടു.
Published: 19 Sept 2026, 01:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented