തോട്ടയ്ക്കാട് : ഉപയോഗയോഗ്യമല്ലെന്ന് അഞ്ചുവർഷം മുൻപ് കണ്ടെത്തിയ തോട്ടയ്ക്കാട് സർക്കാർ ആശുപത്രിയിലെ കെട്ടിടം പൊളിച്ചുതുടങ്ങി. 1945-ൽ നിർമിച്ച ഓടിട്ട കെട്ടിടമാണിത്. ഒ.പി.യും മരുന്നുവിതരണവും ഉൾപ്പെടെ പ്രവർത്തിച്ചിരുന്നത് ഇവിടെയാണ്. വേറെ കെട്ടിടം നിർമിച്ചതോടെ പ്രവർത്തനങ്ങളെല്ലാം അതിലേക്ക് മാറ്റിയിരുന്നു. മൂന്നുതവണ ടെൻഡർ വിളിച്ചെങ്കിലും ആരും എത്താതെവന്നതോടെ അപകടനിലയിലായ കെട്ടിടം പൊളിക്കാൻ കഴിഞ്ഞിരുന്നില്ല.

To advertise here,

ഇപ്പോൾ പള്ളം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി വീണ്ടും ടെൻഡർ വിളിച്ച് നടപടികളിലേക്ക് കടക്കുകയായിരുന്നു. 1,15,000 രൂപയ്ക്കാണ് കെട്ടിടം പൊളിച്ചു നീക്കുന്നത്. ബലക്ഷയത്തിലായ രണ്ടുകെട്ടിടങ്ങൾകൂടി പൊളിക്കേണ്ടതായിട്ടുണ്ട്. പഴയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും പേവാർഡുമാണ് ബലക്ഷയത്തിലുള്ളത്.

പുതിയ സൗകര്യങ്ങൾ ഒരുക്കും

:ദുർബലമായ പഴയകെട്ടിടം പൊളിച്ചുനീക്കി ആശുപത്രിയിൽ പുതിയ സൗകര്യം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് ഭരണസമിതി. എക്സ്റേ യൂണിറ്റ്, പാർക്കിങ് സൗകര്യം, പേവാർഡ് സൗകര്യങ്ങളൊക്കെ എം.എൽ.എ.യുടെ നിർദേശപ്രകാരം ഒരുക്കാനാണ് ശ്രമം.

-ലതാകുമാരി സലിമോൻ, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്