നാലുവർഷം മുൻപ് തകർന്ന സംരക്ഷണഭിത്തി ഇതുവരെ നന്നാക്കാനായില്ല
പുല്ലൂർ : 2022 ജൂൺ 15-ന് പുലർച്ചെ പെയ്ത കനത്ത മഴയിൽ സംരക്ഷണഭിത്തി തകർന്നതോടെയാണ് മുടിച്ചിറയുടെ നവീകരണം നിലച്ചത്. ചിറയിൽനിന്ന് സമീപത്തെ പറമ്പിലേക്കുള്ള ഉയരം നാലു മീറ്റാണ്. ബലമില്ലാത്ത മണ്ണാണ് അവിടത്തേത്. ഉയർന്ന പ്രദേശങ്ങളിൽ നിന്നൊഴുകിയെത്തിയ മഴവെള്ളം സംരക്ഷണഭിത്തിയിൽ തടഞ്ഞ് താഴേയ്ക്കിരുന്ന് തിങ്ങിയതോടെ കോൺക്രീറ്റുഭിത്തി ചിറയിലേക്ക് മറിയുകയായിരുന്നു. നൂറു മീറ്ററിലേറെ നീളത്തിൽ ഒറ്റ പാളിപോലെ നിർമിച്ച മതിലിനിടയിലേക്ക് ചിറയിൽനിന്നു കോരിയ മണ്ണിട്ടത് കനത്ത മഴയിൽ താഴ്ന്നിറങ്ങി തിങ്ങിയാണ് മതിൽ മറിഞ്ഞ് രണ്ടു ഭാഗമായി വീഴാൻ കാരണമായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഒഴുകിയെത്തുന്ന വെള്ളം ചിറയിലേക്കു പോകുന്നതിനാവശ്യമായ രീതിയിൽ ഓവുകൾ ഇടാതിരുന്നതും മതിൽ മറിയാൻ കാരണമായതായും അവർ പറഞ്ഞു. തുറവൻകാട് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സമയമായതിനാൽ സംഭവം നടന്നയുടൻ അന്നത്തെ എം.എൽ.എ.യും മന്ത്രിയുമായിരുന്ന ആർ. ബിന്ദു, അന്നത്തെ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് പി.കെ. ഡേവീസ് അടക്കമുള്ള ജനപ്രതിനിധികളും ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചിറയുടെ നവീകരണപ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്നറിയിച്ചിരുന്നു. മുളകൾ ഉപയോഗിച്ച് താത്കാലികമായി കെട്ടിയെങ്കിലും ശാശ്വതപരിഹാരമുണ്ടായിട്ടില്ല.
പണികൾ നിലച്ചതോടെ ചുറ്റുമതിലും തൂണുകളുമെല്ലാം കാടുകയറി മൂടിപ്പോയി. ചിറയിൽ ചണ്ടിയും ചെളിയും പുല്ലും നിറഞ്ഞു. സംഭവം നടന്ന് നാലു വർഷം പിന്നിട്ടിട്ടും സംരക്ഷണഭിത്തിനിർമാണം പൂർത്തിയാക്കാനോ കുടിവെള്ളം സംഭരിക്കാനോ ഉദ്യോഗസ്ഥർക്കോ ജനപ്രതിനിധികൾക്കോ സാധിച്ചിട്ടില്ല.
തകർന്നുവീണ ഭാഗം പുനർനിർമിച്ച് ചിറയുടെ നവീകരണം പൂർത്തിയാക്കാൻ 2026 മാർച്ചിൽ മുൻ മന്ത്രി ആർ. ബിന്ദുവിന്റെ ആസ്തിവികസനഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിച്ചതോടെ നിലച്ചുപോയ നിർമാണം പുനരാരംഭിക്കാൻ ശ്രമമാരംഭിച്ചു. കോൺക്രീറ്റ് മതിൽ നീക്കി കരിങ്കല്ലുപയോഗിച്ച് പുതിയ ഭിത്തി നിർമിക്കാനാണ് തീരുമാനിച്ചത്.
ഈ പണിയുടെ ടെൻഡർ പൂർത്തിയാക്കി കരാർ നൽകിയെങ്കിലും ഇതുവരെയും നിർമാണം തുടങ്ങാനായിട്ടില്ല. പുതിയ പണികൾ തുടങ്ങാൻ തകർന്നുവീണ സംരക്ഷണഭിത്തി പൊളിച്ചുമാറ്റേണ്ടതുണ്ട്. എന്നാൽ, പഴയ കരാറുകാരനുമായി ഇതു സംബന്ധിച്ച തർക്കം ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നതാണ് പുതിയ പ്രതിസന്ധി.
(തുടരും)
Published: 19 Sept 2026, 01:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented