സ്വന്തമായി തലചായ്ക്കാനൊരിടമെന്ന പാവപ്പെട്ടവന്റെ ആയുഷ്കാലത്തെ വലിയൊരു സ്വപ്നത്തിൻമേലാണ് സർക്കാരിന്റെ അനാസ്ഥ കരിനിഴൽ വീഴ്ത്തിയത്...
തലയോലപ്പറമ്പ് : തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് ദേവസ്വം ബോർഡ് കോളജിന് സമീപം ലൈഫ്മിഷൻ പദ്ധതിയിൽ നിർമാണം ആരംഭിച്ച ഭവനസമുച്ചയം നാഥനില്ലാതെ കാടുകയറി നശിക്കുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് വലിയ ആഘോഷങ്ങളോടെ ആകാശത്തേക്ക് ഉയർത്താൻ നോക്കിയ സ്വപ്നക്കൂടാരം, ഇന്നിവിടെ കോൺക്രീറ്റ് തൂണുകൾ മാത്രമായി ശേഷിക്കുന്നു.
ഇറിഗേഷൻ വകുപ്പിന്റെ കൈവശമുണ്ടായിരുന്ന രണ്ടേക്കർ ഭൂമിയിലാണ് 40-ഓളം നിർധനകുടുംബങ്ങൾക്കായി മൂന്നുനിലകളിൽ ഫ്ലാറ്റ് സമുച്ചയം ഉയരേണ്ടിയിരുന്നത്. തലയോലപ്പറമ്പ് സെയ്ന്റ് ജോർജ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. അന്ന് തലയോലപ്പറമ്പ് പഞ്ചായത്തിൽ ലൈഫ് മിഷനായി അപേക്ഷനൽകി കാത്തിരുന്ന ഭൂരഹിതരും ഭവനരഹിതരുമായ ഇരുന്നൂറോളം കുടുംബങ്ങളുടെ കണ്ണുകളിൽ പ്രകാശിച്ച പ്രതീക്ഷയുടെ വെളിച്ചം ചെറുതായിരുന്നില്ല.
ഒടുവിൽ സ്വന്തമായി ഒരു മേൽക്കൂരയെന്ന അവരുടെ സ്വപ്നം യാഥാർഥ്യമാകാൻ പോകുന്നുവെന്ന് എല്ലാവരും കരുതി. എന്നാൽ ആ പ്രതീക്ഷകൾക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല.
നിർമാണം പാതിവഴിയിൽ നിലച്ചു
കോൺക്രീറ്റ് തൂണുകളും അതിൽനിന്ന് ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന തുരുമ്പെടുത്ത് നശിക്കുന്ന ഇരുമ്പുകമ്പികളും മാത്രമാണ് ഇന്ന് ആ ഭൂമിയിലുള്ളത്. നാലുകോടിരൂപയോളം പൊതുപണം ഇവിടെ ഇതിനോടകം മുടക്കിക്കഴിഞ്ഞു. പിന്നീട് നിശ്ശബ്ദമായി സർക്കാർ ഈ പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്.
പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനെന്നും പറഞ്ഞ് തുടക്കമിട്ട പദ്ധതി ഒടുവിൽ കോടികൾ വെറുതെ തല്ലിക്കെടുത്തിയതിന്റെ ഉദാഹരണമായി മാത്രം അവശേഷിക്കുന്നു. സ്വന്തമായി ഒരിഞ്ചുമണ്ണില്ലാത്ത പാവങ്ങളോട് കാട്ടിയ നീതികേടിന്റെ പ്രതീകങ്ങളായി കുറെ തുരുമ്പിച്ച തൂണുകളും. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അവഗണനയിൽ ഇന്നവിടം സ്വപ്നങ്ങളുടെ ശവപ്പറമ്പുപോലെ നിശ്ശബ്ദമാണ്.
നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരും
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽത്തന്നെ ജനങ്ങളും പാർട്ടി നേതാക്കളും എന്റെ ശ്രദ്ധയിൽപ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണിത്. ഈ വിഷയം അടിയന്തരമായി നിയമസഭയുടെ ശ്രദ്ധയിൽക്കൊണ്ടുവരും.
മുൻ സർക്കാരിന്റെ ദീർഘവീക്ഷണമില്ലാത്ത പദ്ധതിയായിരുന്നു ഫ്ലാറ്റ് സമുച്ചയങ്ങൾ. വൈക്കം നിയോജകമണ്ഡലത്തിൽ മാത്രമല്ല കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പദ്ധതികൾ നിലച്ചിട്ടുണ്ട്.വൈക്കം നിയോജകമണ്ഡലത്തിൽ ഭൂരഹിത ഭവനരഹിതരായി ദുരിതമനുഭവിക്കുന്നവർ അനവധിയാണ്.
അടച്ചുറപ്പുള്ള വീടെന്ന സ്വപ്നമാണ് ഇവരുടെ ജീവിതംതന്നെ. അർഹരായ മുഴുവൻ ആളുകൾക്കും തലചായ്ക്കാൻ ഒരിടം ഉറപ്പാക്കുക എന്നതാണ് എന്റെ മുന്നിലുള്ള പ്രധാന മുൻഗണന.
-കെ. ബിനിമോൻ എം.എൽ.എ.
Published: 19 Sept 2026, 02:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented