എടപ്പാൾ : ഗതാഗതക്കുരുക്കുമൂലം വീർപ്പുമുട്ടുന്ന സംസ്ഥാനപാതയിലെ നടുവട്ടത്ത് പ്രശ്നം സങ്കീർണമാക്കി അധികാരികളുടെ വിറകുശേഖരവും. പാതയോരത്തെ മരത്തിലെ അപകടകരമായ കൊമ്പുകൾ മുറിച്ചശേഷം വിറകും മരത്തടികളുമെല്ലാം റോഡരികിൽത്തന്നെ കൂട്ടിയിട്ടതാണ് വാഹനങ്ങൾക്കും കാൽനടക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നത്.

To advertise here,

എടപ്പാൾ ടൗൺ കഴിഞ്ഞ് തൃശ്ശൂർ റോഡിൽ ഒരുകിലോമീറ്റർ ദൂരത്തുള്ള ടൗണാണ് നടുവട്ടം. അടുത്തകാലത്തായി ഇവിടെ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്.

കാഞ്ഞിരത്താണി റോഡും കരിങ്കല്ലത്താണി റോഡും സംഗമിക്കുന്നത് നടുവട്ടത്തെ സംസ്ഥാനപാതയിലാണ്.

ഇവിടേക്കുള്ള വാഹനങ്ങളുടെ തിരിഞ്ഞുപോക്കും അവിടെനിന്നുള്ള വാഹനങ്ങളുടെ സംസ്ഥാനപാതയിലേക്കുള്ള പ്രവേശവുമാണ് കുരുക്കിന് പ്രധാന കാരണം. അതോടൊപ്പം വാട്ടർ അതോറിറ്റി റോഡിനുകുറുകെ ചാൽ കീറിയത് ശരിയായി മൂടാത്തതിനാൽ രൂപപ്പെട്ട ഗർത്തങ്ങളും കുരുക്ക് മുറുകാൻ കാരണമാകുന്നു.

ചാലിനടുത്തെത്തിയാൽ വാഹനങ്ങളെല്ലാം പതുക്കെയാകുന്നതിനാൽ ഒന്നിനുപിറകെ ഒന്നായി നിരവധി വാഹനങ്ങൾ വരിയിലാകും.

ഇത് പലപ്പോഴും കണ്ണഞ്ചിറ ഇറക്കം, ശുകപുരം ഹോസ്‌പിറ്റൽ വരെയെത്തും.

അവിടെനിന്ന് എടപ്പാൾ ടൗണിലേക്കുള്ള പ്രവേശനത്തിനുള്ള വാഹനങ്ങളുടെ വരിയുമാകുമ്പോൾ കിലോമീറ്ററുകളോളം അത് നീളും.

കുരുക്ക്‌ മുറുകുമ്പോൾ ചെറുവാഹനങ്ങൾക്ക് റോഡരികിലൂടെയൊക്കെ രക്ഷപ്പെടാനാകുമായിരുന്നു.

എന്നാൽ അത് മുടക്കിയാണ് ഇപ്പോൾ മരത്തടികൾ കൂട്ടിയിട്ടിട്ടുള്ളത്.

വട്ടംകുളം പഞ്ചായത്ത് നേരത്തേ നടുവട്ടം സൗന്ദര്യവത്കരണംനടത്തിയ സ്ഥലത്തെ മുറിച്ച മരക്കൊമ്പുകൾ മരച്ചുവട്ടിൽത്ത​ന്നെ കൂട്ടിയിട്ടതാണു പ്രശ്‌നമായത്.