വായ്പ റദ്ദാക്കി കെ.യു.ആർ.ഡി.എഫ്.സി.
പരവൂർ : പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് നിർമാണപദ്ധതി ഉപേക്ഷിക്കേണ്ട അവസ്ഥയിൽ പരവൂർ നഗരസഭ. കേരള അർബൻ ആൻഡ് റൂറൽ ഡിവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.യു.ആർ.ഡി.എഫ്.സി.) നേരത്തേ അനുവദിച്ച വായ്പ റദ്ദാക്കിയതിനെ തുടർന്നാണ് നിർമാണം പ്രതിസന്ധിയിലായത്.
2019-2020 കാലഘട്ടത്തിൽ എട്ടുകോടി രൂപ വായ്പയാണ് അനുവദിച്ചത്. എന്നാൽ പിന്നീട് നഗരസഭയുടെ ഭാഗത്തുനിന്ന് തുടർനടപടികളുണ്ടായില്ല. ഇതേത്തുടർന്നാണ് വായ്പ അനുവദിക്കില്ലെന്ന് കെ.യു.ആർ.ഡി.എഫ്.സി. നഗരസഭയെ അറിയിച്ചത്. അർബൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം നടത്താൻ കഴിയുമോയെന്നാണ് നഗരസഭ പരിശോധിക്കുന്നത്.
നഗരസഭയുടെ അനാസ്ഥയിൽ പരവൂർ സബ്ട്രഷറി നിർമാണവും പെരുവഴിയിലായി. ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുമ്പോൾ താഴത്തെ നിലയിൽ സബ്ട്രഷറിക്ക് സ്ഥലമനുവദിക്കുമെന്ന ഉറപ്പിൽ മൂന്നുകോടി രൂപ ട്രഷറിവകുപ്പ് അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് താഴത്തെനില പൂർണമായും സബ്ട്രഷറിക്ക് വിട്ടുനൽകുന്നതിൽ കൗൺസിലിൽ എതിർപ്പുയർന്നു. ഈ തർക്കത്തിൽ തീരുമാനമെടുക്കാനും ഏറെ വർഷം വേണ്ടിവന്നു. മഞ്ചാടിമൂട്ടിൽ വാടകക്കെട്ടിടത്തിൽ രണ്ടാംനിലയിലാണ് സബ്ട്രഷറി പ്രവർത്തിക്കുന്നത്. ശാരീരികബുദ്ധിമുട്ടുള്ള പെൻഷൻകാർക്ക് മുകളിലെ നിലയിലേക്ക് കയറാൻ ഏറെ പ്രയാസമാണ്. സബ്ട്രഷറി കെട്ടിടം നിർമിക്കണമെന്നാവശ്യപ്പെട്ട് പെൻഷൻ സംഘടനകൾ ഒട്ടേറെ തവണ സമരം നടത്തിയിട്ടുണ്ട്.നഗരസഭയുടെ നിലവിലെ ബസ് സ്റ്റാൻഡ് കെട്ടിടം ശോച്യാവസ്ഥയിലാണ്. നേരത്തേ തയ്യാറാക്കിയ പദ്ധതി പ്രകാരം വ്യാപാരസമുച്ചയം നിർമിക്കാൻ നാലുകോടി രൂപയെങ്കിലും അധികം വേണ്ടിവരും. വായ്പ ലഭിക്കാനുള്ള പുതിയ വഴികൾ തേടേണ്ട അവസ്ഥയാണ്.
Published: 10 Oct 2026, 02:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented