കൊരട്ടി : മുത്തിയുടെ തിരുനാളിനെത്തുന്ന ഭക്തർക്കു നൽകാനായി ഇതരസംസ്ഥാനങ്ങളിൽനിന്നടക്കം എത്തിച്ച പൂവൻകുലകൾ പള്ളിയിലെത്തിത്തുടങ്ങി. തമിഴ്നാടിനു പുറമേ, കർണാടക, പുണെ എന്നിവിടങ്ങളിൽനിന്നാണ് പൂവൻകായകൾ കൊരട്ടിയിലെത്തിക്കുന്നത്. ഒരോ തിരുനാൾക്കാലത്തും 55 മുതൽ 60 ടൺ വരെയാണ് പൂവൻകായകൾ വേണ്ടത്. ഇതിലെ ആദ്യ ലോഡ് വ്യാഴാഴ്ചയോടെ എത്തി.
കൊരട്ടിമുത്തിയുടെ തിരുനാളിനെത്തുന്ന വിശ്വാസികൾ പ്രധാനമായും അർപ്പിക്കുന്ന വഴിപാടാണ് പൂവൻകുല. പൂവൻകുല സമർപ്പിക്കുന്നവർക്ക് പൂവൻകായകൾ നിവേദ്യമായി കൊടുക്കുകയും ചെയ്യും. ഇതിനാവശ്യമായ കായകളാണ് തിരുനാളിനു മുൻപായി എത്തിക്കേണ്ടത്. തിരുനാളിന് കൊടിയേറുന്നതിനു തൊട്ടു മുൻപേതന്നെ നാട്ടിലെ വിശ്വാസികളുടെ നേതൃത്വത്തിലുള്ള പൂവൻകുലസമർപ്പണം നടക്കും. ഐതിഹ്യ വഴിയിലുള്ള മേലൂർ, ടാക്‌സി ഡ്രൈവർമാർ, കൊരട്ടി പോലീസ്, മർച്ചന്റ്സ് അസോസിയേഷൻ, ബി.ജെ.പി., വൈ.എം.സി.എ. തുടങ്ങിയ സംഘടനകളും ഫൊറോനയിലെ കുടുംബയൂണിറ്റുകളുമൊക്കെ കൂട്ടമായെത്തി പൂവൻകുല സമർപ്പിക്കുന്നതാണ് പതിവ്.
ഈ പൂവൻകുലകളെത്തിയാലും തിരുനാൾദിനംപോലും നിവേദ്യമായി വിതരണംചെയ്യാൻ തികയാതെവരും. സമീപകാലത്ത് കൊരട്ടി പള്ളിയുടെ നേതൃത്വത്തിൽ ‘മുത്തിക്കൊരു പൂവൻകുല’ എന്ന പദ്ധതി ലക്ഷ്യമിട്ട് രണ്ട് വിത്തുകൾ പ്രദേശവാസികൾക്ക് കൈമാറിയിരുന്നു. ആദ്യ വർഷം ഒട്ടേറെ പൂവൻകുലകളാണ് ഇതുവഴി ശേഖരിച്ചത്. പിന്നിട് ഈ പദ്ധതി വേണ്ടത്ര മുന്നോട്ടുപോയില്ല.
ഇത്തവണ പൂവൻകുല ലഭിക്കുന്നതിന് പ്രതിസന്ധി നേരിട്ട സാഹചര്യത്തിൽ സ്വന്തംനിലയിൽ തമിഴ്നാട്ടിലുൾപ്പെടെ പൂവൻകായ കൃഷിയൊരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പള്ളി വികാരി ഫാ. ജോൺസൺ കക്കാട്ടിൽ പറഞ്ഞു. അതിനു പുറമേ നാട്ടിലും പൂവൻകുലക്കൃഷി പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊരട്ടിപ്പള്ളിയിലെത്തിച്ച പൂവൻകുല പള്ളി വികാരി ഫാ. ജോൺസൺ കക്കാട്ട്, കൈക്കാരന്മാരായ ജോമോൻ പള്ളിപ്പാട്ട്, റിജോ റാഫേൽ എന്നിവർ ഏറ്റുവാങ്ങി.
Published: 09 Oct 2026, 02:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented