കൊല്ലം : ബീച്ചിലെ മറൈൻ അക്വേറിയം നവീകരണം നടത്തി തുറക്കാനുള്ള നടപടികൾ പ്രഖ്യാപനത്തിലൊതുങ്ങി. കോടികൾചെലവഴിച്ച് തുടങ്ങിയ കേന്ദ്രമാണ് അധികൃതരുടെ അനാസ്ഥയിൽ നശിച്ചുകൊണ്ടിരിക്കുന്നത്. പരിസരമാകെ കാടുമൂടി, കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു. മേൽക്കൂരയിലെ ഷീറ്റുകളിൽ പലതും തകർന്ന് കാണാനില്ല. ഷീറ്റുകൾ സ്ഥാപിക്കുന്നതിനായി ഉറപ്പിച്ചിരുന്ന പൈപ്പുകൾ തുരുമ്പെടുത്ത് നശിച്ചു. ഷീറ്റില്ലാത്ത ഭാഗത്തുകൂടി മഴവെള്ളം മുഴുവൻ കെട്ടിടത്തിനകത്തേക്ക് വീഴുകയാണ്. കെട്ടിടത്തിനു മുകളിൽവരെ പുല്ലുവളർന്ന് കാട് നിറഞ്ഞു. ഗേറ്റും തുരുമ്പെടുത്തു.
ബീച്ചിലെത്തുന്ന സന്ദർശകർക്ക് കടലിലെ വിസ്മയയക്കാഴ്ചകൾ നേരിട്ട് കാണാൻ കോർപ്പറേഷന്റെ നേതൃത്വത്തിൽ 2019-ൽ തുടങ്ങിയതാണ് മറൈൻ അക്വേറിയം. ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ നേതൃത്വത്തിൽ ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് അക്വേറിയം നിർമിച്ചത്. വൈവിധ്യമാർന്ന ഇരുപത്തിമൂന്നോളം കടൽ മത്സ്യങ്ങളും ഓരോ മത്സ്യത്തിനും ആവശ്യമായ ആവാസവ്യവസ്ഥയോടുകൂടിയ ചില്ലുകൂടുകളും അക്വേറിയത്തിൽ ഒരുക്കിയിരുന്നു. 12,000 ലിറ്റർ സംഭരണശേഷിയുള്ള ജലാശയവും 18 സമുദ്രമാതൃകകളും ഉൾപ്പെട്ടതായിരുന്നു അക്വേറിയം. പാസ് ഉപയോഗിച്ചായിരുന്നു പ്രവേശനം. അക്വേറിയത്തിന്റെ പ്രവർത്തനച്ചുമതല കരാർ നൽകിയിരുന്നു.
കോവിഡ് വന്നതോടെയാണ് അക്വേറിയത്തിന്റെ പ്രവർത്തനം മുടങ്ങിയത്. പ്രവർത്തനം നിർത്തുമ്പോൾ മത്സ്യങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും പറയുന്നു. എട്ടുമാസംമുൻപ് അക്വേറിയം അറ്റകുറ്റപ്പണികൾ നടത്തി തുറക്കാനുള്ള പ്രാരംഭനടപടികൾ കോർപ്പറേഷൻ ആരംഭിച്ചിരുന്നു. ഇതിനായി കോർപ്പറേഷൻ എൻജിനിയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി റിപ്പോർട്ടും നൽകിയിരുന്നു. എന്നാൽ തുടർനടപടികൾ പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി.
Published: 10 Oct 2026, 02:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented