എരുമപ്പെട്ടി : എരുമപ്പെട്ടി-വേലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തയ്യൂർ ആലുക്കൽ പാലത്തിന്റെ നിർമാണം സംബന്ധിച്ച് വിജിലൻസ് സംഘം പ്രാഥമികപരിശോധന നടത്തി. പാലംനിർമാണവുമായി ബന്ധപ്പെട്ട് ആക്ഷേപമുയർന്നതിനെത്തുടർന്നാണ് വ്യാഴാഴ്ച മിന്നൽ പരിശോധന നടന്നത്. വിജിലൻസ് ഇൻസ്‌പെക്ടർ സുബിന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്. അസിസ്റ്റന്റ് എൻജിനീയറുടെ സഹായത്തോടെ വിവരങ്ങൾ ശേഖരിച്ചു.

To advertise here,

പാലത്തിന്റെ പ്രധാന സ്ലാബിന്റെ കോൺക്രീറ്റിങ്ങിനായുള്ള അവസാനഘട്ട ജോലികൾ നടക്കുന്നതിനിടെ മഴയെത്തുകയും പുഴയിൽ വെള്ളം പൊങ്ങുകയും ചെയ്തു. കെട്ടിയ കമ്പികളും സ്പാനുകളും വെള്ളത്തിന്റെ ഒഴുക്കിൽ താഴേക്കു വളയുകയുംചെയ്തു.

തുടർന്ന് മൂന്നു മാസത്തോളം പണികൾ നിർത്തിവെക്കേണ്ടിവന്നു. കെട്ടിയ കമ്പികൾ വളഞ്ഞ് മാസങ്ങളോളം കിടന്നതോടെ കോൺഗ്രസ്, ബി.ജെ.പി. പ്രവർത്തകർ സമരവുമായി രംഗത്തെത്തിയിരുന്നു.

തുടർന്ന് കമ്പികൾ പൂർവസ്ഥിതിയിലാക്കിയശേഷം കോൺക്രീറ്റിങ് പൂർത്തിയാക്കുകയായിരുന്നു. ഇപ്പോൾ കോൺക്രീറ്റിങ് കഴിഞ്ഞ് 28 ദിവസം കഴിഞ്ഞതോടെ പാലത്തിലേക്കുള്ള റോഡിന്റെയും നടപ്പാതയുന്റെയും കൈവരികളുടെയും നിർമാണം തുടങ്ങിയിട്ടുണ്ട്.

സബ്‌മേഴ്‌സിബിൾ രീതിയിൽ പണിയുന്നതിനാൽ പുഴയിൽ വെള്ളമുയരുമ്പോൾ തടസ്സമില്ലാതെ വെള്ളം പാലത്തിലൂടെ ഒഴുകിപ്പോകുമെന്നാണ് പറയുന്നത്. എല്ലാ വർഷവും പാലത്തിലൂടെ വെള്ളം കവിഞ്ഞൊഴുകിയിരുന്ന ഇവിടെ പാലത്തിന്റെ ഉയരം കൂട്ടണമെന്ന ആവശ്യം പരിഗണിക്കാത്തതിൽ നാട്ടുകാരിൽ ആശങ്കയുണ്ട്.