9.34 ലക്ഷം രൂപ പിഴ ചുമത്തി ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്റ് സംഘം
6,800 കിലോ കിളിമീൻ പടിച്ചെടുത്ത് കടലിൽ ഒഴുക്കിക്കളഞ്ഞു
കൊടുങ്ങല്ലൂർ : കടലിൽ തീവ്രതയേറിയ ലൈറ്റുകളും കണ്ണിവലുപ്പം കുറഞ്ഞ വലകളുമുപയോഗിച്ച് ചെറുമീനുകൾ പിടിച്ച രണ്ട് ബോട്ടുകൾ പിടിയിൽ. പിടികൂടിയ ബോട്ടുകൾക്ക് 9.34 ലക്ഷം രൂപ പിഴ ചുമത്തി ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്റ് സംഘം. അടുത്ത കാലത്ത് ജില്ലയിലെ കടലിൽ നടത്തിയ പരിശോധനയിൽ ഏറ്റവും കൂടുതൽ പിഴയൊടുക്കിയ കേസാണിത്.
മുനമ്പം പള്ളിപ്പുറം സ്വദേശി കോട്ടപ്പറമ്പിൽ വീട്ടിൽ നിബിന്റെ ഉടമസ്ഥതയിലുള്ള ക്യൂൻ ഓഫ് റോസസ് ബോട്ടും കുഞ്ഞിത്തൈ തുണ്ടത്തിൽ വീട്ടിൽ അനിൽദേവിന്റെ ഉടമസ്ഥതയിലുള്ള സ്റ്റെല്ല മേരീസ് ബോട്ടുമാണ് പിടിച്ചെടുത്തത്. മുനമ്പം, അഴീക്കോട് ഭാഗത്തുനിന്നുമാണ് ബോട്ടുകൾ പിടിയിലായത്. അഴീക്കോട് മുതൽ കാപ്പിരിക്കാടുവരെയുള്ള കടൽത്തീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കിവരുന്നതിനിടയിലാണ് അനധികൃത മീൻപിടിത്തം കണ്ടെത്തിയത്.
കൃത്രിമമായി അമിത വെളിച്ചമുണ്ടാക്കി മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ഒന്നിച്ച് കോരിയെടുക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരോധിച്ചിട്ടുണ്ട്. അനുമതിയുള്ള 12 വാട്സ് വെളിച്ചസംവിധാനത്തിനു പകരം 3,255 വാട്സ് വെളിച്ചം ഉപയോഗിച്ചും മറുനാടൻ തൊഴിലാളികളെ ഉപയോഗപ്പെടുത്തിയുമായിരുന്നു മീൻപിടിത്തം.
പരിശോധനയിൽ ബോട്ടുകളിൽ ഉപയോഗിച്ചിരുന്ന തീവ്രതയേറിയ ഹൈവോൾട്ടേജ് എൽ.ഇ.ഡി.ലൈറ്റുകൾ, ഹൈമാസ്റ്റ്ലൈറ്റുകൾ, ട്യൂബ്ലൈറ്റുകൾ എന്നിവ പിടിച്ചെടുത്തു.
ഒരു ബോട്ടിൽനിന്ന് നിയമപരമായ വലുപ്പമായ 12 സെന്റീമീറ്ററിൽത്താഴെയുള്ള 6,800 കിലോ കിളിമീൻ പടിച്ചെടുത്ത് കടലിൽ ഒഴുക്കിക്കളഞ്ഞു.
തീവ്രതയേറിയ ഹൈവോൾട്ടേജ് ലൈറ്റ് ഉപയോഗിച്ച് കൂട്ടത്തോടെ മത്സ്യങ്ങളെ ആകർഷിച്ച് മത്സ്യബന്ധനം നടത്തുന്ന രീതിക്കെതിരേ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നൽകിയ പരാതിയിലായിരുന്നു പരിശോധന.
ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ എസ്. രാജേഷിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക പരിശോധനാസംഘത്തിൽ ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ ശിവപ്രസാദ്, മെക്കാനിക്ക് മനോജ്, എ.എഫ്.ഇ.ഒ. ലീന, എഫ്.ഒ. അൻസിൽ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ്വിങ്ങ് ഓഫീസർമാരായ വി.എൻ. പ്രശാന്ത്കുമാർ, വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ എന്നിവർ നേതൃത്വം നൽകി. സീ റെസ്ക്യൂ ഗാർഡുമാരായ പ്രസാദ്, വിജീഷ് യാദവ്, സ്രാങ്ക് ദേവസി, എൻജിൻ ഡ്രൈവർ സുനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Published: 31 Oct 2026, 03:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented