പുത്തൂർ :പവിത്രേശ്വരം പഞ്ചായത്തിൽ തകർന്നുകിടന്നിരുന്ന രണ്ട് ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് നാലരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പവിത്രേശ്വരം കൾച്ചറൽ ജങ്ഷൻ-കൈതക്കോട് ഇന്ത്യൻ ബാങ്ക് -കോഴിക്കോടൻമുക്ക് റോഡിന് മൂന്നുകോടിയും ഉണ്ടാന്റമുക്ക് എസ്.എൻ.പുരം-ഭജനമഠം റോഡിന് ഒന്നരക്കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.

To advertise here,

പൂർണമായും തകർന്ന് റോഡെന്നു വിളിക്കാൻ പോലുമാകാത്ത സ്ഥിതിയാണ് കൾച്ചറൽ ജങ്ഷൻ കോഴിക്കോടൻമുക്ക് റോഡിന്റേത്. കൈതക്കോടുമുതൽ കോഴിക്കോടൻമുക്കുവരെയുള്ള ഭാഗമാണ് ഏറ്റവും ദുരിതം. കൈതക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രം, കന്യാർകാവ് വനദുർഗാ നാഗരാജക്ഷേത്രം എന്നിവ ഈ റോഡിനോടു ചേർന്നാണുള്ളത്‌. മാത്രമല്ല സ്‌കൂൾ ബസുൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഇതുവഴി നിത്യവും പോകുന്നുണ്ട്.

പഴയചിറ ഉണ്ടാന്റമുക്കിൽ തുടങ്ങി എസ്.എൻ.പുരം കുടുംബാരോഗ്യകേന്ദ്രത്തിന്റെ മുന്നിൽക്കൂടി ഭജനമഠം ജങ്ഷനിലെത്തുന്നതാണ് രണ്ടാമത്തെ റോഡ്. ആരോഗ്യകേന്ദ്രത്തിലേക്കുള്ള ഏകവഴിയാണ് ഈ പാത. കൂടാതെ രണ്ട് സ്‌കൂളുകളും മൂന്ന് അങ്കണവാടികളും അയിരൂർക്കുഴി ഭഗവതിക്ഷേത്രവും കശുവണ്ടി ഫാക്ടറികളും പട്ടികജാതി ഉന്നതികളും ഉൾപ്പെടെ ഈ റോഡിനെ ആശ്രയിക്കുന്നവരേറെയാണ്. വലിയ കുഴികൾ രൂപപ്പെട്ടതുകാരണം ചെറുവാഹനങ്ങളൊന്നും ഇതുവഴി പോകാൻ ധൈര്യപ്പെടാത്ത സ്ഥിതിയായിരുന്നു.

റോഡുകളുടെ ദുരിതം ചൂണ്ടിക്കാട്ടി ‘മാതൃഭൂമി’ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ഉല്ലാസ് കോവൂർ എം.എൽ.എ. സ്ഥലത്തെത്തി നേരിട്ട് തകർച്ച ബോധ്യപ്പെടുകയും ചെയ്തു. പവിത്രേശ്വരം പഞ്ചായത്ത് ഭരണസമിതിയും യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയും സന്നദ്ധസംഘടനകളും റോഡ് നവീകരണം ആവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയിരുന്നു. റോഡ് നിർമാണത്തിനു തുക അനുവദിക്കാൻ പരിശ്രമം നടത്തിയ എം.എൽ.എ.യെ വിവിധ സംഘടനകൾ അഭിനന്ദിച്ചു.