കുരുക്കഴിക്കാനാകാതെ കായിക വകുപ്പും പുരാവസ്തു വകുപ്പും

To advertise here,

മാള : വിവാദങ്ങളും തർക്കങ്ങളും കാടുകയറിയപ്പോൾ മാളക്കാരുടെ കായിക സ്വപ്നങ്ങൾ കാടിനുള്ളിലായി. കോടികൾ ചെലവഴിച്ച മാള പഞ്ചായത്ത് സ്ഥലത്തെ സ്റ്റേഡിയം ഇപ്പോൾ കാടുകയറിയ പുരാവസ്തുവായി മാറിയിരിക്കുകയാണ്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുള്ള മാള പഞ്ചായത്തും ഏറ്റെടുത്ത പുരാവസ്തു വകുപ്പും തിരിഞ്ഞുനോക്കാത്തതിനാൽ കാടുകയറിക്കിടക്കുകയാണ്.

ജൂതന്മാർ മാള പഞ്ചായത്തിന് കൈമാറിയ സ്ഥലമാണിത്. നാലേക്കർ സ്ഥലത്തിലെ രണ്ടര ഏക്കറിൽ പഞ്ചായത്തിന്റെ ആവശ്യപ്രകാരം സർക്കാർ കോടികൾ ചെലവഴിച്ച് സ്റ്റേഡിയം നിർമാണം ആരംഭിച്ചിരുന്നു. ഇൻഡോർ സ്റ്റേഡിയം നിർമാണം അവസാനഘട്ടത്തിലെത്തിയതാണ്. ഇതിനിടയിലാണ് സ്ഥലത്തിന്റെ പുരാവസ്തു തർക്കവും നിയമനടപടികളും തുടങ്ങിയത്. തർക്കങ്ങൾക്കിടയിൽ മാള പഞ്ചായത്ത് തീരുമാനം അനുസരിച്ച് സ്ഥലം പുരാവസ്തു വകുപ്പ് ഏറ്റെടുത്തു.

അവർ ഏറ്റെടുത്തതല്ലാതെ പിന്നീട് ഒന്നും ചെയ്തില്ല.ഇൻഡോർ സ്റ്റേഡിയത്തിൽ മേപ്പിൾവുഡ് വിരിച്ച് വോളിബോൾ, ബാസ്‌കറ്റ് ബോൾ, ബാഡ്മിന്റൺ, ഷട്ടിൽ എന്നീ മത്സരങ്ങളും പരിശീലനങ്ങളും നൽകാനായിരുന്നു പദ്ധതി. ഒന്നര ഏക്കർ സ്ഥലത്തുള്ള ജൂതന്മാരുടെ മൂന്ന് കല്ലറകൾ ഉൾപ്പെടെ സ്മാരകമായി നിലനിർത്തി സംരക്ഷിക്കുന്നതിനും പദ്ധതിയുണ്ടായിരുന്നു. 2005-ൽ പഞ്ചായത്ത് മിനിസ്റ്റേഡിയം നിർമിച്ചു.

2011-ൽ അന്നത്തെ എം.എൽ.എ. എ.കെ. ചന്ദ്രൻ നിയമസഭയിൽ ആവശ്യപ്പെട്ടതനുസരിച്ച് കെ. കരുണാകരൻ സ്റ്റേഡിയമാക്കി.നിലവാരം മെച്ചപ്പെടുത്തുന്നതിന് ഒരു കോടി വകയിരുത്തി. 2011-ൽ അന്നത്തെ എം.എൽ.എ. ടി.എൻ. പ്രതാപന്റെ നിർദേശത്തിൽ ബജറ്റിൽ രണ്ടുകോടി പ്രഖ്യാപിച്ചു.

കായിക മന്ത്രി അന്ന് അന്തർദേശീയ നിലവാരമുള്ള ഗ്രാമീണ സ്റ്റേഡിയമെന്ന ആശയം കൊണ്ടുവന്നു. തുർന്ന് ഇതിനായി 8.50 കോടിയുടെ പദ്ധതി.

16,400 ചതുരശ്രയടി വിസ്തീർണത്തിൽ ഇൻഡോർ സ്റ്റേഡിയം, സ്റ്റേജ്, ശൗചാലയ ബ്ലോക്ക്, സിന്തറ്റിക് ഗ്രാസ് സെവൻസ് മൈതാനം, ലൈറ്റ് സംവിധാനങ്ങൾ, സ്പോർട്സ് മത്സരങ്ങൾ നടത്താവുന്ന ട്രാക്ക് എന്നിവയാണ് പദ്ധതിയിൽ. രണ്ടു കോടി രൂപ ചെലവഴിച്ച് ഇൻഡോർ സ്റ്റേഡിയവും ശൗചാലയ ബ്ലോക്കും 35 ലക്ഷം രൂപയ്ക്ക് സെവൻസ് ട്രാക്കിന്റെ അടിസ്ഥാന ഘട്ടമായ മെറ്റലിങ് എന്നിവ പൂർത്തിയാക്കി.

സിന്തറ്റിക് പുല്ല് ഫിൻലാൻഡിൽനിന്ന് വാങ്ങിയതിന് 59 ലക്ഷം രൂപ ചെലവഴിച്ചു. പൂർവികരുടെ മൃതദേഹം അടക്കം ചെയ്തിട്ടുള്ള സ്ഥലമെന്ന നിലയിൽ സംരക്ഷണത്തിനായി മാള പഞ്ചായത്തിന് കൈമാറിയ സ്ഥലത്ത് മറ്റു നിർമാണങ്ങൾ നടത്തരുതെന്ന വാദമാണ് ജൂതന്മാർ ഉയർത്തിയത്. പുരാവസ്തു വകുപ്പ് നോട്ടിഫൈഡ് ചെയ്തെടുത്ത സ്ഥലത്തേക്ക് ഇപ്പോൾ ആർക്കും പ്രവേശനമില്ലാതെ പൂട്ടിയിട്ടിരിക്കുകയാണ്.

(നാളെ പ്രതികരണങ്ങൾ)