ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ 11-ാം എഡിഷൻ

To advertise here,

കൊല്ലം : 'ജീവിക്കാൻ അനുയോജ്യമായ ഇടമാണ് കേരളം, എന്നാൽ കരിയർ കെട്ടിപ്പടുക്കാൻ യോജിച്ചതല്ല', യുവത്വത്തിന്റെ ചൂരും ചൂടും പേറിയ വാദങ്ങൾ മിന്നൽപ്പിണറുകൾ കണക്കെ ശ്രീനാരായണ കോളേജിലെ മത്സരവേദിയെ ആദ്യവസാനം സജീവമാക്കിനിർത്തി. ഉറച്ച കാൽവെപ്പുകളോടെ തങ്ങളുടെ അഭിപ്രായം ഉറക്കെപ്പറയാനെത്തിയവരുടെ വാക്കുകളിലെ കനൽ സംവാദമത്സരത്തെ തീപിടിപ്പിച്ചു. ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് നടത്തുന്ന ഇന്ത്യയിലെ തന്നെ ഏറ്റവുംവലിയ സംവാദ മത്സരം 'ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ' പതിനൊന്നാം എഡിഷന്റെ ബ്ലോക്കുതല മത്സരം പങ്കാളിത്തംകൊണ്ടും ഉയർന്നുവന്ന ആശയങ്ങളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.

യുവാക്കൾക്കായി കേരളം​െവച്ചുനീട്ടുന്ന അവസരങ്ങളോടുള്ള പ്രതീക്ഷകളും ആശങ്കകളും ഇംഗ്ലീഷിലും മലയാളത്തിലുമായി വിദ്യാർഥികൾ പങ്കു​െവച്ചു. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും പി.എസ്.സി. പരീക്ഷാക്രമക്കേടും ഉദ്യോഗാർഥികളുടെ സമരവും ഐ.ടി. മേഖലയിലെ സാധ്യതകളുമൊക്കെ ചർച്ചയായി. ഉന്നതവിദ്യാഭ്യാസം നേടുന്നവർക്ക് അർഹമായ ശമ്പളത്തോടെ അവഗാഹമുള്ള മേഖലയിൽ തൊഴിൽ ലഭ്യമാക്കാൻ കേരളം പരാജയപ്പെടുന്നുണ്ടെന്ന് വിഷയത്തെ അനുകൂലിക്കുന്നവർ പറഞ്ഞു.

ഉദ്യോഗാർഥികൾ നേരിടുന്ന പ്രതിസന്ധികളുടെ സമകാലിക അനുഭവങ്ങളും പലരും ചൂണ്ടിക്കാട്ടി. കൊല്ലത്തിന്റെ സ്വന്തം കശുവണ്ടിമേഖലയുടെ തകർച്ചയും ചർച്ചയായി. വിദ്യാസമ്പന്നരായ യുവാക്കളുടെ കുടിയേറ്റമുണ്ടാക്കുന്ന മസ്തിഷ്കചോർച്ചയുടെ അപകടങ്ങളാണ് വിഷയത്തെ പ്രതികൂലിച്ചവർ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. മാനവവികസനസൂചികകളിൽ രാജ്യത്തെ മറ്റുസംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലുള്ള കേരളത്തിന് വിഭവങ്ങളെ സമർഥമായി ഉപയോഗിക്കാനായാൽ പുതുതലമുറയുടെ കരിയർ സ്വപ്നങ്ങൾക്ക് ചിറകേകുന്നയിടമാകാൻ അനായാസം കഴിയുമെന്നവർ പറഞ്ഞു.

ഫെഡറൽ ബാങ്ക് സീനിയർ മാനേജരും ബ്രാഞ്ച് ഹെഡുമായ ദീപു സി.സാബു ഉദ്ഘാടനം നിർവഹിച്ചു. യുവാക്കളാണ് രാജ്യത്തിന്റെ ശബ്ദമാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എസ്.എൻ. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എസ്. ലൈജു അധ്യക്ഷനായി. മാതൃഭൂമി കൊല്ലം ന്യൂസ് എഡിറ്റർ പി.വി. ജ്യോതി, സ്പെഷ്യൽ കറസ്പോണ്ടന്റ് ജി. സജിത്കുമാർ, കൊല്ലം യൂണിറ്റ് മാനേജർ ജി.ബി. ഗണേഷ് എന്നിവർ പ്രസംഗിച്ചു. മാതൃഭൂമി ന്യൂസ് ടെക്നിക്കൽ ഹെഡ് ആർ. ബിജു മോഹൻ, ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ ബിജു പാപ്പച്ചൻ എന്നിവർ വിധികർത്താക്കളായി.

ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായാണ് കലാലയ വിദ്യാർഥികൾക്ക് നാടിനെക്കുറിച്ചും ആനുകാലിക വിഷയങ്ങളെക്കുറിച്ചും അഭിപ്രായം രേഖപ്പെടുത്താനുള്ള സ്പീക്ക് ഫോർ ഇന്ത്യ വേദി സംഘടിപ്പിച്ചത്‌.