ചെറായി : വൈപ്പിൻ ദ്വീപിലെ അനന്തമായ ടൂറിസം സാധ്യത മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് നാട്. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഇരുപത്തിയഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള വൈപ്പിൻകരയെ ലോകോത്തര ടൂറിസം ഹബ്ബായി മാറ്റുന്നതിനുതകുന്ന പദ്ധതികളാണ് ഇവിടെ വിഭാവനം ചെയ്യേണ്ടത്.
അതോടൊപ്പം വൈപ്പിൻ കരയിലെ രൂക്ഷമായ ഗതാഗത പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് ദീർഘവീക്ഷണത്തോടുകൂടിയ കൂട്ടായ ശ്രമങ്ങളും അനിവാര്യമാണ്.
ടൂറിസം മേഖലയ്ക്ക് ഏറ്റവും അനുയോജ്യമായ ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. ദ്വീപിനുള്ളിലെ ചെറു ദ്വീപുകളും പ്രകൃതി സുന്ദരമായ കടൽത്തീരങ്ങളും നെൽപ്പാടങ്ങളും മനോഹരമായ തോടുകളും ഒത്തിണങ്ങിയ വൈപ്പിനെ ഫണ്ടുകൾ കൃത്യമായി വിനിയോഗിച്ച് മാറ്റിയെടുത്താൽ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ പുതിയ ചരിത്രമെഴുതാൻ സാധിക്കും.കിഴക്ക് വീരൻപുഴയിൽ മണൽ മൂടി പലയിടങ്ങളും സഞ്ചാരയോഗ്യമല്ലാതാകുകയും ജലഗതാഗതം പൂർണമായും സ്തംഭിക്കുകയും ചെയ്തിരിക്കുകയാണ്.
ഈ പ്രതിസന്ധിക്ക് പരിഹാരമായി വീരൻപുഴയിൽ നിന്ന് മണൽ കോരി കിഴക്കേ അതിരുകളിൽ നിക്ഷേപിച്ചാൽ, വലിയ തോതിലുള്ള കുടിയൊഴിപ്പിക്കലുകൾ ഇല്ലാതെ തന്നെ മനോഹരമായ ഒരു പുതിയ പാത നിർമിക്കാൻ സാധിക്കും. വൈപ്പിൻ മണ്ഡലത്തിന് തൊട്ടടുത്താണ് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മണ്ഡലമായ വടക്കൻ പറവൂർ സ്ഥിതി ചെയ്യുന്നത് എന്നത് ഈ വികസന പദ്ധതിക്ക് വലിയൊരു അനുകൂല സാഹചര്യമാണ്.
ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പദ്ധതിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ജനപ്രതിനിധികൾ പ്രത്യേക താത്പര്യമെടുക്കണം.കേവലം കാത്തിരിപ്പിനുപകരം, സ്വന്തം നിലയ്ക്ക് കൃത്യമായ മാതൃകകളും പദ്ധതികളും തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാനുള്ള ഇച്ഛാശക്തിയാണ് ജനപ്രതിനിധികൾ കാണിക്കേണ്ടത്. അതിനായി ഗ്രാമപ്പഞ്ചായത്ത്തലത്തിൽ നിന്ന് തുടങ്ങി വിദഗ്ധരെയും കഴിവുള്ള ആളുകളെയും കൂട്ടിയെടുക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം.വൈപ്പിൻ മേഖലയിലെ വലിയ വയലുകളും ചെമ്മീൻ പാടങ്ങളും ഇന്നും സജീവമായി നിലകൊള്ളുന്നുണ്ട്. കുഴുപ്പിള്ളി പോലുള്ള പ്രദേശങ്ങളിലെ ജലാശയങ്ങളും കായൽ പരപ്പുകളും ടൂറിസത്തിന് അനുയോജ്യമാണ്.
കശ്മീരിലെ ദാൽ തടാകത്തിലെ ശിക്കാര ബോട്ടുകളുടെ മാതൃകയിലുള്ള ബോട്ട് സർവീസുകൾ ഇവിടെ നടപ്പാക്കാവുന്നതാണ്.ജലടൂറിസം പദ്ധതികളുടെ നടത്തിപ്പിൽ സ്വകാര്യ പങ്കാളിത്തം തേടാമെങ്കിലും സഞ്ചാരികളുടെയും പ്രദേശവാസികളുടെയും സുരക്ഷിതത്വം പൂർണമായും ഉറപ്പാക്കേണ്ട ചുമതല സർക്കാരിന്റേത് തന്നെയായിരിക്കണം.
ചെറായിയിലും കുഴുപ്പിള്ളിയിലും ബീച്ചുകൾ കേന്ദ്രീകരിച്ച് ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള കുറെ പദ്ധതികൾ സ്വകാര്യ മേഖലയിൽ നടപ്പാക്കിയിട്ടുണ്ട്. നാടിന്റെ വികസനം ലക്ഷ്യമിട്ട് ഇവയ്ക്ക് അർഹമായ പ്രാധാന്യം നൽകണം. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് കൃത്യമായ ഒരു ടൂറിസം റൂട്ട് കൂടി ചാർട്ട് ചെയ്ത് പ്രസിദ്ധീകരിക്കണം.
കൂടാതെ, കടൽക്ഷോഭത്തിൽ നിന്ന് വൈപ്പിന്റെ തീരപ്രദേശത്തെ സംരക്ഷിക്കുന്നതിനായി ആധുനിക രീതിയിൽ ടെട്രാപോഡുകൾ ഉപയോഗിച്ച് കടൽഭിത്തി നിർമിക്കണം. റോഡുകളുടെ ഇരുവശങ്ങളിലെയും കാഴ്ച തടസ്സപ്പെടുത്തുന്ന കേബിളുകൾ പൂർണമായും ഭൂഗർഭ സംവിധാനത്തിലേക്ക് മാറ്റുകയും വേണം.
വിദേശരാജ്യങ്ങളിലെ നല്ല മാതൃകകൾ സ്വീകരിക്കാം
: വിദേശ രാജ്യങ്ങളിലെ ടൂറിസം രീതികൾ നമ്മുടെ നാട്ടിലേക്ക് താഴെ പറയുന്ന രീതിയിൽ പ്രാദേശികവത്കരിക്കാവുന്നതാണ്. തായ്‌ലൻഡ് മോഡൽ ബീച്ച് ടൂറിസം അതിനൊരു ഉദാഹരണമാണ്.
വൈപ്പിന്റെ മനോഹരമായ കടൽത്തീരങ്ങളെ തായ്‌ലൻഡിലെ ബീച്ചുകൾ പോലെ വാട്ടർ സ്‌പോർട്‌സ്, സ്ട്രീറ്റ് ഫുഡ് ഹബ്ബുകൾ, സായാഹ്ന ആഘോഷങ്ങൾ എന്നിവ ഉൾപ്പെടുത്തി സജീവമാക്കാം.വിയറ്റ്‌നാം, മലേഷ്യ മോഡൽ ജലാശയ ടൂറിസം പോലെ വൈപ്പിനിലെ തോടുകളും കായലുകളും ബന്ധിപ്പിച്ച് ബോട്ട് സർവീസുകൾ, കയാക്കിങ്, ഫ്ളോട്ടിങ് കഫേകൾ എന്നിവ ആരംഭിക്കുന്നത് സഞ്ചാരികളെ ആകർഷിക്കും.മാലിന്യമുക്തമായ അന്തരീക്ഷം, കൃത്യമായ യാത്രാസൗകര്യങ്ങൾ, ഹരിത ഇടങ്ങൾ എന്നിവ സിങ്കപ്പൂർ മാതൃകയിൽ നടപ്പാക്കാം.
മാലദ്വീപ് മാതൃകയിൽ പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിലുള്ള റിസോർട്ടുകളും വാട്ടർ വില്ലകളും പ്രാദേശികമായ രീതിയിൽ ഇവിടെ വികസിപ്പിച്ചെടുക്കാവുന്നതാണ്.ഭക്ഷണശാലകളും നാടൻ കലകളുംവിദേശ രാജ്യങ്ങളിൽ കടൽ മത്സ്യങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നതുപോലെ നമ്മുടെ നാട്ടിലും ഗുണമേന്മയുള്ള ഭക്ഷണശാലകളും തട്ടുകടകളും ആരംഭിക്കണം.
വിദേശികളെ അടക്കം ആകർഷിക്കുന്ന രീതിയിൽ കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങളും നാടൻ കലകളും നാടകങ്ങളും ഇവിടെ അവതരിപ്പിക്കാൻ വേദികൾ ഒരുക്കണം. ഇതിനായി സ്വകാര്യ സംരംഭകർക്കും പ്രൈവറ്റ് നിക്ഷേപകർക്കും സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രത്യേക പ്രോത്സാഹനം നൽകേണ്ടതുണ്ട്.ഈ രീതിയിൽ വൈപ്പിനെ പരിവർത്തനം ചെയ്തെടുത്താൽ പ്രദേശത്തിന്റെ സാമ്പത്തിക സ്ഥിതി ഉയരുന്നതോടൊപ്പം ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ഇതിനായി സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്ന് ദീർഘവീക്ഷണത്തോടുകൂടിയ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്.
Published: 30 Sept 2026, 03:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented