പോത്തൻകോട്: വീട്ടിലെ കക്കൂസ് മാലിന്യം റോഡിൽ ഒഴുക്കി വിട്ടതായി പരാതി. കരൂർ എൻ.എസ്.എസ്. കരയോഗത്തിന് സമീപമുള്ള വീട്ടിൽ നിന്നാണ് കക്കൂസ് മാലിന്യം കരയോഗം - പാറത്തൊടി റോഡിലേക്ക് ഒഴുക്കിയത്. ഞായറാഴ്ച വൈകിട്ട് നാലര മണിയോടുകൂടിയാണ് സംഭവം. വീട്ടിലെ കക്കൂസ് മാലിന്യ ടാങ്ക് നിറഞ്ഞതോടെ വീട്ടുടമസ്ഥർ കക്കൂസ് മാലിന്യം ടാങ്കർ ലോറിയിൽ നിറച്ച് കൊണ്ടുപോകുന്നവരെ വിളിച്ചുവരുത്തി. എന്നാൽ ജോലിക്കാർ കക്കൂസ് മാലിന്യം വീടിനു സമീപത്തെ സ്വകാര്യ വസ്തുവിലും നിരവധി യാത്രക്കാർ യാത്ര ചെയ്യുന്ന റോഡിലേക്കും ഒഴുക്കി വിട്ടു. വീട്ടുകാരോടും ജോലിക്കാരോടും സമീപവാസികൾ പ്രതിഷേധം അറിയിച്ചെങ്കിലും വീട്ടുകാർ അത് ചെവികൊണ്ടില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ മുഴുവൻ കക്കൂസ് മാലിന്യം തളംകെട്ടി കിടക്കുകയാണ്. നാട്ടുകാർ പോത്തൻകോട് പോലീസ് സ്റ്റേഷനിലും പഞ്ചായത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്. റോഡിലൂടെ നിരവധി വാഹനങ്ങളും സ്കൂൾ വിദ്യാർത്ഥികളും ദിനംപ്രതി യാത്ര ചെയ്യുന്നുണ്ട്. കക്കൂസ് മാലിന്യം റോഡിൽ തളംകെട്ടി കിടക്കുന്നത് കാരണം സമീപവാസികൾക്ക് സാംക്രമി രോഗങ്ങൾ പിടിപെടാൻ സാധ്യത ഏറെയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിലെ തന്നെ സ്ഥലം പരിശോധിച്ചു മാലിന്യം ഒഴുക്കിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

To advertise here,