അരൂർ: അരൂർ-തുറവൂർ ദേശീയപാതയിൽ വരുന്ന ചന്തിരൂർ, കുത്തിയതോട് പാലങ്ങൾക്ക് മുകളിൽ ഉയരപ്പാത താങ്ങി നിർത്തുന്ന കോംപോസിറ്റ് ഗർഡറുകൾക്ക് മുകളിലെ ഭാരപരിശോധന ആരംഭിച്ചു. ബുധനാഴ്ചയോടെ മാത്രമേ പരിശോധന അവസാനിക്കൂ, 12.75 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ ഈ രണ്ട് പാലങ്ങൾക്ക് മുകളിലൊഴികെ മറ്റെല്ലായിടത്തും കോൺക്രീറ്റ് ഗർഡറുകളാണ് ഉയരപ്പാതയ്ക്കായി ഉപയോഗിച്ചിട്ടുള്ളത്. ചന്തിരൂർ പാലത്തിന് മുകളിൽ വരുന്ന ഭാഗത്താണ് ഞായറാഴ്ച വൈകീട്ടോടെ ഭാരപരിശോധന തുടങ്ങിയത്. ഇതേതുടർന്ന് ഇവിടെ പഴയ ദേശീയപാത വഴി ഗതാഗതം തിരിച്ചുവിടുന്നുണ്ട്.

To advertise here,

ചരക്കടക്കം 32 ടൺ ഭാരം വരുന്ന മൂന്ന് ടോറസ് ലോറികളാണ് ആദ്യം എത്തിച്ചത്. പിന്നീട് ഇവ ഒൻപത് ലോറികളായി ഉയർത്തും. ഇവിടേയും 24 മണിക്കൂർ നേരമാണ് ലോറികൾ നിർത്തിയിട്ടുള്ള ഭാരപരിശോധന നടത്തുക. മൈക്രോ ഓട്ടോ ലെവൽ മെഷീൻ ഉപയോഗിച്ച് പാലത്തിലുണ്ടാകുന്ന ചലനങ്ങൾ വിദഗ്ധർ നിരീക്ഷിക്കുന്നുമുണ്ട്. തിങ്കളാഴ്ച വൈകീട്ടോടെ ലോറികൾ ഇറക്കും. തുടർന്നും പാലത്തിന്റെ പലനങ്ങൾ യന്ത്രസഹായത്താൽ രേഖപ്പെടുത്തും. ബുധനാഴ്ച വരെ ഇത് നീളും.

സ്റ്റീൽ ഗർഡറുകളും അതിനു മുകളിൽ കോൺക്രീറ്റ് സ്ലാബും സംയോജിപ്പിച്ചാണ് കോമ്പോസിറ്റ് ഗർഡർ പാലങ്ങൾ നിർമിച്ചത്. വാഹനങ്ങൾ പാലത്തിലേക്ക് കയറ്റുമ്പോൾ സ്റ്റിൽ ഗർഡറുകൾക്കും കോൺക്രീറ്റ് സ്ലാബിനും ഉണ്ടാകുന്ന സമ്മർദം, വളവ്, താഴ്ച എന്നിവ കൃത്യമായി രേഖപ്പെടുത്തും.

ചന്തിരൂരിൽ 50-ഉം കുത്തിയതോട്ടിൽ 55-ഉം മീറ്റർ നീളമുള്ള കോംപോസിറ്റ് ഗർഡറുകളാണ് ഉയരപ്പാതയിൽ ഉപയോഗിച്ചിട്ടുള്ളത്. ദേശീയപാതയിലെ പാലങ്ങൾക്ക് മുകളിലൊഴികെ ഉയരപ്പാതയിലെ മറ്റിടങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന കോൺക്രീറ്റ് ഗർഡറുകൾക്ക് 32 മീറ്റർ നീളമാണുള്ളത്.