വെള്ളനാട്: വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. വെള്ളനാട്ടിലെ കുളക്കോട് ജങ്ഷനിൽനിന്നു ഘോഷയാത്രയോടെ ആരംഭിച്ച കേരളോത്സവ പരിപാടികൾ ജി. സ്റ്റീഫൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെറുവക്കോണം സത്യൻ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എൽ.പി. മായാദേവി, ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റുമാരായ വെള്ളനാട് ശശി, വി.ജെ. സുനിത, രാധാജയൻ, അമല, ഷെമി ഷംനാദ്, അഞ്ജന ജി. നായർ, എം.എ. കാസിം, എസ്. സിന്ധു, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം. ജിജി, സ്റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷന്മാരായ വിഷ്ണു ആനപ്പാറ, ടി. സുനിൽകുമാർ, പ്രസന്നകുമാരി, തുടങ്ങിയവർ പങ്കെടുത്തു. 30-ന് രാവിലെ എട്ടുമുതൽ കാട്ടാക്കട ലാ ഗ്രാന്റ് നീന്തൽക്കുളത്തിൽ നീന്തൽ മത്സരങ്ങൾ നടക്കും. ഡിസംബർ ഒന്നിന് രാവിലെ 9 മുതൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ അത്‌ലറ്റിക്സ് മത്സരങ്ങളും ആർച്ചറി, പഞ്ചഗുസ്തി, ചെസ്സ് മത്സരങ്ങളും നടക്കും. വൈകീട്ട് നാലുമുതൽ പെരിങ്ങമ്മല ജില്ലാപഞ്ചായത്ത്‌ ഇൻഡോർ സ്റ്റേഡിയത്തിൽ കബഡി മത്സരം നടക്കും. രണ്ടിന് രാവിലെ 9 മുതൽ ബാസ്‌കറ്റ്ബോൾ മത്സരവും വൈകീട്ട് 4-ന് വടംവലി മത്സരവും ആര്യനാട് വില്ലാ നസ്രത്ത് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 3-ന് രാവിലെ 9 മുതൽ വെള്ളനാട് മിത്രാനികേതൻ ഗ്രൗണ്ടിൽ ഫുട്‌ബോൾ മത്സരവും 4-ന് രാവിലെ 9 മുതൽ വെള്ളനാട് പഞ്ചായത്ത്‌ ഗ്രൗണ്ടിൽ ക്രിക്കറ്റ്‌ മത്സരവും നടക്കും. 5-ന് രാവിലെ 9 മുതൽ വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ രചനാമത്സരങ്ങൾ നടക്കും. 6-ന് രാവിലെ 9 മുതൽ വെള്ളനാട് ഹയർസെക്കൻഡറി സ്കൂളിൽ കലാമത്സരങ്ങളും നടക്കും. വൈകീട്ട് 4-ന് ചേരുന്ന സമാപനസമ്മേളനം എം.ആർ. ബൈജു എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

To advertise here,