തിരുവനന്തപുരം: അഞ്ച് ദിനം നഗരം കലയുടെ ലഹരിയിലാകും. റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് തിങ്കളാഴ്ച തുടക്കം. മുഖ്യവേദിയായ കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ ഉൾപ്പെടെ 13 വേദികളിലായാണ് മത്സരങ്ങൾ. മത്സരങ്ങൾക്ക് തിങ്കളാഴ്ച രാവിലെ 9ന് തുടക്കമാകും. ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് മൂന്നിന് മന്ത്രി സി.പി. ജോൺ നിർവഹിക്കും. മേയർ വി.വി. രാജേഷ് അധ്യക്ഷനാകും.

To advertise here,

വിവിധ വേദികളിലായി അരങ്ങേറുന്ന മത്സരങ്ങളിൽ ഒൻപതിനായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. ആകെ 329 ഇനങ്ങളാണുള്ളത്. സംഗീതം, നൃത്തം, നാടകം, സാഹിത്യം, ഭാഷ തുടങ്ങി കലയുടെ വിവിധ മേഖലകളിൽ പ്രതിഭകൾ മാറ്റുരയ്ക്കും. മുഖ്യവേദിയായ കോട്ടൺഹിൽ, ശിശുവിഹാർ, എൽ.പി.എസ്, എച്ച്.എസ്. കോൺഫറൻസ് ഹാൾ എന്നിവിടങ്ങളിലായി രചന, ചിത്രരചന മത്സരങ്ങൾ, തിരുവാതിര, കഥകളി, പൂരക്കളി, തബല, ഓട്ടൻതുള്ളൽ, ഗസൽ, അക്ഷരശ്ലോകം, നങ്ങ്യാർക്കൂത്ത്, കഥകളിസംഗീതം, പ്രശ്‌നോത്തരി തുടങ്ങിയവയാണ് തിങ്കളാഴ്ച നടക്കുക.

മത്സരക്രമം, വേദികളുടെ വിവരങ്ങൾ, മത്സരഫലങ്ങൾ, തത്സമയ അറിയിപ്പുകൾ, ഗൂഗിൾ മാപ്പ് വഴികാട്ടി തുടങ്ങിയ സൗകര്യങ്ങളുമായി ഒരുക്കിയ മൊബൈൽ ആപ്പ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും പ്രയോജനകരമാകും.

കോട്ടൺഹിൽ സ്‌കൂളിലാണ് ഭക്ഷണവേദി ക്രമീകരിച്ചിരിക്കുന്നത്. ആദ്യത്തെ നാല് ദിവസവും സദ്യയാണ് ഒരുക്കിയിട്ടുള്ളത്. അവസാനദിവസം സസ്യേതര ആഹാരം വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നതായി സംഘാടകസമിതി ഭാരവാഹികൾ പറഞ്ഞു.

കലോത്സവത്തിന്റ സമാപനസമ്മേളനം ഡിസംബർ നാലിന് വൈകിട്ട് നാലിന്‌ നടക്കും.