കോവളം: തിരുവനന്തപുരം കോർപ്പറേഷൻ അനുവദിച്ച തുകയ്ക്ക് നിർദിഷ്ട പ്ലാനിൽ കെട്ടിടം പൂർത്തീകരിക്കാനാകില്ലെന്നു പറഞ്ഞ് കരാറുകാരൻ പണി ഉപേക്ഷിച്ചുപോയി. നിർമാണം തുടങ്ങാൻ സ്‌കൂൾ അധികൃതർ മേയർ ഉൾപ്പെടെയുള്ളവരെ കണ്ട് നിവേദനം നൽകിയിരുന്നു. പരിഹരിക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.

To advertise here,

അടിസ്ഥാനമൊരുക്കുന്നതിന് മുന്നോടിയായി നിർമിച്ച കോൺക്രീറ്റ്‌ കെട്ടിനൊപ്പം സ്ഥാപിച്ച കൂറ്റൻ ഇരുമ്പുകമ്പികൾ തുരുമ്പിച്ച് നോക്കുകുത്തികളായി. ഇതോടെ മുക്കാൽ നൂറ്റാണ്ടോളം പഴക്കമുള്ള ഗവ. ശ്രീ നീലകണ്ഠവിലാസം സ്‌കൂൾ ജീർണാവസ്ഥയിലായി. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളാണ്‌ ഇവിടെ പഠിക്കുന്നത്‌.

എട്ട് ക്ലാസ് മുറികളുള്ള രണ്ടുനിലക്കെട്ടിടം നിർമിക്കാൻ കോർപ്പറേഷൻ മുൻമേയർ ഉൾപ്പെട്ട ഭരണകൂടം പ്ലാൻഫണ്ടിൽനിന്ന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. ടെൻഡർ പ്രകാരം 65 ലക്ഷം രൂപയ്ക്കാണ്‌ നെയ്യാറ്റിൻകര സ്വദേശി സ്‌കൂൾ കെട്ടിടം നിർമാണത്തിന് കരാറെടുത്തത്. നിർമാണത്തിന്റെ ആദ്യഘട്ടമായി കോൺക്രീറ്റ് സഥാപിച്ചു. കെട്ടിടത്തിനെ താങ്ങിനിർത്തുന്നതിനുള്ള കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കാൻ പത്തടിയോളം ഉയരത്തിൽ കമ്പിയും സ്ഥാപിച്ചു. എന്നാൽ, നിർമാണസാമഗ്രികൾക്ക് വില കൂടിയതിനാൽ അനുവദിച്ച തുകയ്ക്ക് കെട്ടിടം നിർമിക്കാനാവില്ലെന്ന് കാണിച്ച് പണി നിർത്തി.

കടൽമേഖലയായതിനാൽ സ്ഥാപിച്ച കമ്പികളെല്ലാം തുരുമ്പിച്ച് തുടങ്ങി. സ്‌കൂൾ അധികൃതരുടെ നിർബന്ധപ്രകാരം കരാറുകാരനെത്തി കമ്പികളിൽ പ്രൈമർ പെയിന്റടിച്ച്‌ പോയി. കെട്ടിടം നിർമിച്ച സ്ഥലത്ത് കാടു വളർന്നുതുടങ്ങി. ജീർണിച്ച കെട്ടിടത്തിൽ ഭയപ്പാടോടെയാണ് അധ്യാപകർ ക്ലാസെടുക്കുന്നത്. അധികൃതർ കനിയുമെന്ന പ്രതീക്ഷയിലാണ്‌ സ്‌കൂൾ അധികൃതർ.