നെയ്യാറ്റിൻകര : തൊഴുക്കലിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മൈതാനത്ത് വാഹന പാർക്കിങ്ങിനായുള്ള ഗാരേജ് നിർമിക്കാൻ പദ്ധതി. കളിസ്ഥലത്ത് ഗാരേജ് നിർമിക്കാനുള്ള നീക്കത്തിനെതിരേ വാർഡ് കൗൺസിലറും യുവാക്കളും പ്രതിഷേധവുമായെത്തി. അതിനിടെ റോഡ് ടാറിങ്ങിനുള്ള ചല്ലി ശേഖരിക്കാൻ ഒരു കരാറുകാരനു കളിസ്ഥലം വാടകയ്ക്കു നൽകിയിരിക്കുകയാണ് നഗരസഭ.
തൊഴുക്കലിലെ ഗ്രൗണ്ട് ഒരുകാലത്ത് ശവക്കാടായിരുന്നു. കാടുകയറിയ ഈ സ്ഥലം നാട്ടുകാരാണ് വെട്ടിത്തെളിച്ച് കളിസ്ഥലമാക്കിയത്. പിന്നീട് നഗരസഭ ചുറ്റുമതിൽ നിർമിച്ചു. നാട്ടുകാർ കായികവിനോദത്തിനായി ഉപയോഗിക്കുന്ന സ്ഥലത്താണ് നഗരസഭയുടെ വാഹനങ്ങളുടെ പാർക്കിങ്ങിനായി 20 ലക്ഷം മുടക്കി ഗാരേജ് നിർമിക്കുന്നത്.
നെയ്യാറ്റിൻകര നഗരത്തിൽ രണ്ട് കളിസ്ഥലങ്ങളേയുള്ളൂ. ടി.ബി. കവലയ്ക്കു സമീപത്തെ മൈതാനവും തൊഴുക്കലിലെ ഗ്രൗണ്ടുമാണ് യുവാക്കൾ കളിസ്ഥലമായി ഉപയോഗിക്കുന്നത്. ഇതിൽ ടി.ബി. കവലയിലെ മൈതാനവിസ്തൃതി കരമന-കളിയിക്കാവിള പാത വികസനം വരുമ്പോൾ പകുതിയായി കുറയും. തൊഴുക്കലിലെ ഗ്രൗണ്ടിന് 65 സെന്റ് സ്ഥലമാണുള്ളത്. ഈ സ്ഥലം വികസിപ്പിച്ചാൽ മികച്ച മിനി സ്റ്റേഡിയമാക്കാനാകും. ഇങ്ങനെയൊന്ന് നടക്കാതിരിക്കാനാണ് നഗരസഭ പുതിയ പദ്ധതിയുമായി വരുന്നതെന്നാണ് നാട്ടുകാരായ യുവാക്കളുടെ പരാതി.
നഗരസഭയ്ക്കു നഗരത്തിനു പുറത്തായി കോട്ടൂർ കോളനിയിലും കുളത്താമലിലും കളിസ്ഥലമുണ്ടെങ്കിലും നഗരവാസികളായ യുവാക്കൾക്ക് അത് ഉപയോഗിക്കാനാകുന്നില്ല. ഇവർ കളിക്കുന്നത് ടി.ബി. കവലയിലെയും തൊഴുക്കലിലെയും ഗ്രൗണ്ടിലാണ്. അതിൽ തൊഴുക്കലിലെ ഗ്രൗണ്ടിൽ ഗാരേജ് വരുന്നതോടെ കായികപരിശീലനം നടക്കാതാകുമെന്നാണ് യുവാക്കളുടെ ആശങ്ക.
തൊഴുക്കലിലെ ഗ്രൗണ്ടിൽ ഗാരേജ് പദ്ധതി നടപ്പാക്കുന്നത് കൗൺസിലിൽ ചർച്ച ചെയ്യാതെയാണെന്ന് വാർഡ് കൗൺസിലർ വി.പി.ഷിനോജ് ആരോപിച്ചു. മാത്രമല്ല ഇക്കാര്യം സ്ഥിരംസമിതിയിൽ എത്തിയപ്പോൾ മാത്രമാണ് ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച് അറിയുന്നതെന്നും വി.പി.ഷിനോജ് പറഞ്ഞു. യുവാക്കളുടെ കായിക പരിശീലനത്തിന് ഉപയോഗിക്കുന്ന ഗ്രൗണ്ട് മറ്റാവശ്യങ്ങൾക്കായി നൽകുന്നതിനെതിരേ യുവാക്കളെ സംഘടിപ്പിച്ച് സമരവുമായി രംഗത്തുവരുമെന്നും വി.പി.ഷിനോജ് പറഞ്ഞു.
ശവപ്പറമ്പിൽനിന്നു കളിസ്ഥലത്തിലേക്ക്
തൊഴുക്കലിലെ 65 സെന്റ് സ്ഥലം പതിറ്റാണ്ടുകൾക്കു മുൻപ് ശവക്കാടായിരുന്നു. നെയ്യാറ്റിൻകര ആശുപത്രിയിലെത്തുന്ന അജ്ഞാത മൃതദേഹങ്ങൾ സംസ്കരിക്കുന്ന ഇടമായിരുന്നു. ആരോഗ്യവകുപ്പിന്റെ കീഴിലായിരുന്ന ഈ സ്ഥലം പിന്നീട് നഗരസഭയ്ക്കു കൈമാറി.
കാടുപിടിച്ച ഈ സ്ഥലത്തിന് സമീപത്തുകൂടി പോകാൻപോലും സ്ഥലവാസികൾ മടിച്ചിരുന്നു. നാട്ടിലെ ഒരുകൂട്ടം യുവാക്കളാണ് കാട് വെട്ടിത്തെളിച്ച് സ്ഥലം നിരപ്പാക്കി ഗ്രൗണ്ടാക്കിമാറ്റിയത്. പിന്നീട് ഇവർ ഇവിടെ കായികപരിശീലനത്തിനായി ഉപയോഗിച്ചു.
നഗരസഭ പിന്നീട് ഈ സ്ഥലത്ത് ചുറ്റുമതിൽ നിർമിച്ച് ഗേറ്റും സ്ഥാപിച്ചു. ഇവിടെ നഗരസഭ പൊതുശ്മശാനവും പ്ലാസ്റ്റിക് സംഭരണകേന്ദ്രവും നിർമിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചു. ഇവിടെ എട്ടുവർഷം മുൻപ് നഗരസഭ പ്ലാസ്റ്റിക് സംഭരണകേന്ദ്രത്തിനായി നിർമിച്ച പാതിവഴിയിലായ ഷെഡ്ഡുമുണ്ട്.
Published: 23 Nov 2026, 12:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented