നെടുമങ്ങാട് : നെടുമങ്ങാടിന്റെ ടൂറിസം സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനായി കോടികൾ ചെലവിട്ടു നിർമിച്ച മോട്ടൽ ആരാമം ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസം പിന്നിട്ടിട്ടും അടഞ്ഞുതന്നെ. 30 കോടിയിലധികം ചെലവിട്ട് വാളിക്കോട് വി.ഐ.പി.യിൽ ഗ്രൗണ്ടിലാണ് കെട്ടിടസമുച്ചയം നിർമിച്ചത്.
അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ആധുനികസൗകര്യങ്ങളോടെ, വലിയ ഗ്ലാസ് ജനാലകളും വളഞ്ഞ മേൽക്കൂരയും വിശാലമായ മുറ്റവുമൊക്കെയുള്ള കെട്ടിടം ഇപ്പോൾ ആളൊഴിഞ്ഞ് കിടക്കുകയാണ്. ചുറ്റും പുല്ലുവളർന്ന് കാടുമൂടി കെട്ടിടം ഉപയോഗശൂന്യമായി. അഴിക്കോടിനു സമീപം വി.ഐ.പി. ജങ്ഷനിലാണ് ഈ കെട്ടിടം. ഉദ്ഘാടനം നടത്തിയാൽ മാത്രം പോരാ, അത് ജനങ്ങൾക്ക് ഉപയോഗിക്കാൻ തുറന്നുകൊടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
എല്ലാം ഹൈടെക്
ആധുനികസൗകര്യങ്ങളോടെ ത്രീസ്റ്റാർ നിലവാരത്തിലാണ് ആരാമിന്റെ നിർമാണം. ഡോർമിറ്ററികൾ, കുട്ടികളുടെ പാർക്ക്, റസ്റ്ററന്റ്, ഗസ്റ്റ് റൂമുകൾ എന്നിവയെല്ലാം ആരാമത്തിൽ സജീകരിച്ചിട്ടുണ്ട്. കൺവെൻഷൻ സെന്റർ എന്ന സങ്കൽപ്പം മുൻനിർത്തിയാണ് ആരാമിന്റെ നിർമാണം. 2000 പേർക്ക് ഇരിക്കാവുന്ന എ.സി, നോൺ എ.സി. ഹാളുകൾ സജ്ജീകരിക്കാനുള്ള നിർമാണവും തുടങ്ങിയിരുന്നു. നെടുമങ്ങാട് പത്താംകല്ലിൽ ജലസേചനവകുപ്പിന്റെ കൈവശമുള്ള 1.53 ഏക്കർ ഭൂമി വിനോദസഞ്ചാരവകുപ്പിന് നൽകിക്കൊണ്ടാണ് മോട്ടൽ ആരാമം നിർമിച്ചത്. വഴയില-പഴകുറ്റി നാലുവരിപ്പാതയും മോട്ടൽ ആരാമവും യാഥാർഥ്യമാകുന്നതോടെ നെടുമങ്ങാട് ടൗൺ ഒരു വികസന ഹബ്ബായി മാറുമെന്നതായിരുന്നു കാഴ്ചപ്പാട്. സി. ദിവാകരൻ എം.എൽ.എ.യായിരിക്കെ കൊണ്ടുവന്ന പദ്ധതിയാണ് ഇത്.
കോടതിസമുച്ചയവും വി.ഐ.പി.യിലേക്ക്
നെടുമങ്ങാട് പ്രവർത്തിക്കുന്ന കോടതികളെല്ലാം ഒരു കുടക്കീഴിലാക്കുകയെന്ന ലക്ഷ്യത്തോടെ വാളിക്കോട് വി.ഐ.പി.യിൽ ബഹുനിലമന്ദിരം സ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് മന്ത്രിയായിരിക്കെ, ജി.ആർ. അനിൽ നേരത്തെ വിവിധ വകുപ്പുമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. ഇതനുസരിച്ച് കിഫ്ബി ഫണ്ട് അനുവദിക്കുകയാണെങ്കിൽ എല്ലാ കോടതികളും ഇവിടേക്ക് മാറ്റാനായിരുന്നു തീരുമാനം. നിലവിൽ നെടുമങ്ങാട് കോടതിയിൽ നിന്നുതിരിയാനിടമില്ല. നെടുമങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജില്ലാ കോടതികളുടെ എണ്ണം നാലാണ്. സബ് കോടതി, മജിസ്ട്രേട്ട് കോടതി-രണ്ട്, മുൻസിഫ് കോടതി-രണ്ട്, ജില്ലാ കുടുംബകോടതി, ജില്ലാ വനം കോടതി, പോക്സോ കോടതി എന്നിവയാണ് നിലവിലെ ജില്ലാ കോടതികൾ. കഴിഞ്ഞ വർഷം അനുവദിച്ച മോട്ടോർ ആക്സിഡന്റ് ട്രിബ്യൂണൽ കോടതി (എം.എ.സി.ടി.) തസ്തിക ലഭിച്ചാലുടൻ പ്രവർത്തനം തുടങ്ങും.
Published: 22 Nov 2026, 01:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented